Covid19
ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങള്‍ ഉയരുന്നു; സ്ഥലമില്ലാതെ ഖബര്‍സ്ഥാനുകള്‍

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ചുള്ള മരണങ്ങള്‍ കുതിച്ചുയരുന്നതിനിടെ, ഖബറടക്കാന്‍ സ്ഥലമില്ലാതെ ഖബര്‍സ്ഥാനുകള്‍. മുസ്ലിംകളായ കൊവിഡ് രോഗികള്‍ മരിച്ചാല്‍ ഖബറടക്കാന്‍ സ്ഥലം തേടി പരക്കം പായുകയാണ് ബന്ധുക്കള്‍.
കൊവിഡ് ബാധിച്ച് മരിച്ചവരെ ഖബറടക്കാന്‍ ആറ് ഖബര്‍സ്ഥാനുകള്‍ മാത്രമാണ് ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചത്. അതേസമയം, നാശോന്മുഖമായ നിരവധി ഖബര്‍സ്ഥാനുകള്‍ ഡല്‍ഹി നഗരത്തില്‍ തന്നെയുണ്ട്. അനുവദിക്കപ്പെട്ട ഖബര്‍സ്ഥാനുകളില്‍ രണ്ടെണ്ണം ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലും മൂന്നെണ്ണം സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലും ഒന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലുമാണ്.
ഇവയില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്, മുല്ലാ കോളനി ഖബര്‍സ്ഥാനുകളില്‍ സ്ഥലമില്ലാത്തതിനാല്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ച് മരിച്ചവരെ ഖബറടക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ശാസ്ത്രിപാര്‍ക് ഖബര്‍സ്ഥാനില്‍ രണ്ട് മാസത്തിനിടെ നൂറിലേറെ മയ്യിത്തുകളാണ് അടക്കിയത്. ഒരു ഏക്കറിലാണ് ഖബര്‍സ്ഥാന്‍. ഇതിനോട് ചേര്‍ന്നുള്ള ഒരു ഏക്കര്‍ ഭൂമി ഖബറടക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലെഫ്. ഗവര്‍ണര്‍ക്ക് കോര്‍പറേഷന്‍ കത്തെഴുതിയിട്ടുണ്ട്.