National
പുരി രഥയാത്രക്ക് ഉപാധികളോടെ അനുമതി; ക്ഷേത്ര കമ്മിറ്റിക്കും സര്‍ക്കാറിനും തീരുമാനിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ഒഡീഷയിലെ ജഗന്നാഥപുരി ക്ഷേത്രത്തിലെ രഥയാത്രക്ക് ഏര്‍പെടുത്തിയ വിലക്ക് സുപ്രീം കോടതി ഇളവ് ചെയ്തു. നിബന്ധനകളോടെ രഥയാത്ര നടത്തുന്ന കാര്യത്തില്‍ ക്ഷേത്ര കമ്മിറ്റിക്കും ഒഡീഷ സര്‍ക്കാറിനും ചേര്‍ന്ന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രഥയാത്ര സ്‌റ്റേ ചെയ്ത ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേ സമയം പുരിയിലെ രഥയാത്രയുടെ കാര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും മറ്റു രഥയാത്രകൾക്ക് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
285 വര്‍ഷമായി തുടര്‍ന്നുവരുന്ന രഥയാത്ര കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും അത് നിര്‍ത്തിവെക്കരുതെന്നും പൊതുജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ ആചാരപരമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ജനറല്‍ തുഷാര്‍ മെഹ്ത കോടതിയോട് അഭ്യര്‍ഥിച്ചു. ആചാരപ്രകാരം ജഗന്നാഥന് ഇത്തവണ വരാനായില്ലെങ്കില്‍ പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമേ വരാനാകൂവെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വാദം കേട്ട കോടതി നിബന്ധനകളോടെ രഥയാത്ര നടത്താന്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത രീതിയില്‍ രഥയാത്ര നടത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനും ക്ഷേത്ര കമ്മിറ്റിക്കും തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
നാളെ ആരംഭിക്കുന്ന രഥയാത്രയോടനുബന്ധിച്ച ചടങ്ങുകള്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കും.