Connect with us

Covid19

വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് പൾസ് ഓക്‌സിമീറ്റർ നൽകും: കെജ്രിവാൾ

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് കേസുകൾ വർധിക്കുന്നതിന്റെ തോത് മൂന്നിരട്ടിയായ സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർക്ക് പൾസ് ഓക്‌സിമീറ്റർ എത്തിച്ചു നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനക്കെതിരേ രണ്ട് തരത്തിലുള്ള യുദ്ധത്തിലാണ് ഇന്ത്യ. ഒന്ന് അയൽരാജ്യമായ ചൈനയിൽ നിന്നുത്ഭവിച്ച കൊറോണവൈറസിനെതിരേയും, മറ്റൊന്ന് അതിർത്തി പ്രശ്‌നവുമായി ബന്ധപ്പെട്ടും.

“ധീരരായ 20 സൈനികരും മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ്. ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. എല്ലാവരും ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണ്. രണ്ട് യുദ്ധങ്ങളിലും നമ്മൾ തീർച്ചയായും വിജയിക്കുക തന്നെ ചെയ്യും”. കെജ്രിവാൾ ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ 18,000 കൊവിഡ് പരിശോധനകളാണ് നഗരത്തിൽ നടത്തുന്നതെന്നും രോഗവ്യാപനം കുറക്കാൻ ആരോഗ്യപ്രവർത്തകർ കഠിനമായി അധ്വാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12,000 ആളുകളാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് എത്രയും പെട്ടെന്ന് പൾസ് ഓക്‌സിമീറ്റർ ലഭ്യമാക്കും. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും സംയുക്തമായി കൊവിഡിനെ പ്രതിരോധിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.