Covid19
യു പി സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്

ലഖ്നൗ | ഉത്തര്‍ പ്രദേശില്‍ കാമ്#പൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഭയകേന്ദ്രം അടച്ച് പെണ്‍കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ രോഗം സ്ഥിരീകരിച്ച അഞ്ച് ഗര്‍ഭിണികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത ഗര്‍ഭിണിക്ക് എച്ച് ഐ വി പോസറ്റീവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.
സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെണ്‍കുട്ടികളേയും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. അഭയകേന്ദ്രത്തിലെ ഒരു യുവതിക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നായിരിക്കാം കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കൊവിഡ് പകര്‍ന്നതെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം പൂനം കപൂര്‍ പറഞ്ഞു.