Connect with us

National

കെട്ടിക്കിടക്കുന്ന അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പദ്ധതി തയ്യാറാക്കണമെന്ന് ആറ് ഹൈക്കോടതികളോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന ക്രിമിനല്‍ അപ്പീലുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ ആറ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളോട് നിര്‍ദേശിച്ച് സുപ്രീം കോടതി. എത്രയും വേഗത്തിലുള്ള വിചാരണ ആരോപണവിധേയരുടെ അവകാശമാണെന്നതില്‍ അപ്പീലുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കലും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയതാണ്.

ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഒഡീഷ ഹൈക്കോടതികളോടാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ എല്‍ എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് കഴിഞ്ഞ 15ാം തീയതിയാണ് ഉത്തരവ് നല്‍കിയത്.

കഴിഞ്ഞ 20 വര്‍ഷമായി പത്ത് ഹൈക്കോടതികളിലായി രണ്ട് ലക്ഷം ക്രിമിനല്‍ കേസുകളാണ് തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തന്റെ ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊലപാതക പ്രതിയാണ് ഹരജി സമര്‍പ്പിച്ചത്. കുറ്റക്കാരനാണെന്ന വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അലഹബാദ് ഹൈക്കോടതി അടുത്തകാലത്തൊന്നും പരിഗണിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവില്‍ മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഹരജിയിലുള്ളത്.