Gulf
സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

ദമാം | സഊദിയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. റിയാദില്‍ കോഴിക്കോട് കൊടുവള്ളി പാലകുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് – സുബൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (34), ദമാമില്‍ കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി ആര്‍ദ്രം ഭവനില്‍ സുനില്‍കുമാര്‍ പുരുഷോത്തമന്‍ (43) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
റിയാദില്‍ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന ഷൈജലിനെ രണ്ടാഴ്ച മുന്‍പാണ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം.
ഭാര്യ : ബിന്‍സി. ഒരു മകനുണ്ട്. സഹോദരങ്ങള്‍: ഷഫീഖ്, ഖൈറുന്നിസ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം റിയാദില്‍ നടത്തും.
കടുത്ത പനിയും ശ്വാസ തടസ്സവും മൂലം പത്ത് ദിവസം മുന്‍പാണ് സുനില്‍ പുരുഷോത്തമനെ ദമാം സെന്‍ട്രല്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നാല് ദിവസം മുന്‍പ് ആരോഗ്യ നില ഗുരുതരമാവുകയും മസ്തിഷ്‌ക മരണം സംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം.
ഭാര്യ: പ്രതിഭ. മക്കള്‍: ആദര്‍ശ്, ആദിത്യ.