Gulf
പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിന് തലേന്നാള്‍ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു

ദമാം | സഊദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ തിങ്കളാഴ്ച്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് റിയാദില്‍ നിന്നും കോഴിക്കോടേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കഴിഞ്ഞ മുപ്പത്തിനാല് വര്‍ഷമായി റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഹദ്ദാറ നഗരസഭ മേധാവിയുടെ പേഴ്‌സനല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്.
ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം (ജിസാന്‍), അനീസ, സുമയ്യ, മുര്‍ഷിദ
നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം സഊദിയില്‍ നടത്തും.