Covid19
'കുംഗ് ഫ്‌ളു': കൊറോണവൈറസിന് പുതിയ പേരിട്ട് ട്രംപ്, ചൈനക്കെതിരെ വീണ്ടും കുറ്റപ്പെടുത്തല്‍

വാഷിംഗ്ടണ്‍ | കൊറോണവൈറസ് ലോകത്താകമാനം പടര്‍ന്നുപിടിച്ചതില്‍ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണവൈറസിന് “കുംഗ് ഫ്‌ളു” എന്ന പേരുമിട്ടിട്ടുണ്ട് ട്രംപ്. ഒക്ലാഹോമയില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലുടനീളമുള്ള മറ്റൊരു രോഗങ്ങള്‍ക്കുമില്ലാത്തത്ര പേരുകളാണ് കൊവിഡ്- 19ന് ഉള്ളതെന്നും അതിനാല്‍ താന്‍ പുതിയ പേരിടുകയാണെന്നും ട്രംപ് പറഞ്ഞു. “കുംഗ് ഫ്‌ളു” എന്നതാണ് താന്‍ ഇടുന്ന പേര്. ഇത്തരം 19 തരത്തിലുള്ള പേരുകള്‍ ഇടാന്‍ തനിക്കാകും. പലരും വിളിക്കുന്നത് ഇത് വൈറസ് ആണെന്നാണ്. മറ്റു ചിലര്‍ പനിയാണെന്ന് പറയുന്നു. എന്തു വ്യത്യാസം? ഇരുപതോളം പേരുകള്‍ വിളിക്കാനാകുമെന്നാണ് താന്‍ കരുതുന്നത്.
തന്റെ പ്രസംഗത്തിലുടനീളം “കുംഗ് ഫ്‌ളു” എന്ന പേര് ട്രംപ് ആവര്‍ത്തിച്ചു. ചൈനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനമായ കുംഗ് ഫുവിനെ സൂചിപ്പിച്ചാണ് ട്രംപിന്റെ ഈ പരിഹാസം. ട്രംപ് നേരത്തേ ചൈനീസ് വൈറസ് എന്ന വിശേഷണം ഉപയോഗിച്ചിരുന്നു. അമേരിക്കയില്‍ 22 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,19,000 പേര്‍ മരിച്ചിട്ടുമുണ്ട്.