Connect with us

Ongoing News

ടിക്‌ടോക് ഉള്‍പ്പെടെ ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടില്ല; പ്രചരിക്കുന്ന ഉത്തരവ് വ്യാജമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | യുവതീ യുവാക്കള്‍ക്കിടയില്‍ ഹിറ്റായ ടിക്‌ടോക് ഉള്‍പ്പെടെ 13 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് ആപ്പുകള്‍ വിലക്കാന്‍ ടെക് കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഡോക്യുമെന്റ് വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെതെന്ന വ്യാജേന ആപ്പിള്‍, ഗൂഗിള്‍ എന്നിവയുടെ പ്രാദേശിക എക്‌സിക്യൂട്ടീവുകളെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് വ്യാജ സർക്കുലർ പ്രചരിക്കുന്നത്. 13 ചൈനീസ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവ്. ഇന്ത്യയുടെ പരമാധികാരത്തെക്കുറിച്ചും പൗരന്മാരുടെ സ്വകാര്യതയെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചാണ് വ്യാജകുറിപ്പില്‍ നിരോധന ഉത്തരവിനെ ന്യായീകരിക്കുന്നത്.

ചൈനീസ് നിര്‍മിത ആപ്പുകളായ ലൈവ് മീ, ബിഗോ ലൈവ്, വിഗോ വീഡിയോ, ബ്യൂട്ടി പ്ലസ്, കാംസ്‌കാനര്‍, ക്ലാഷ് ഓഫ് കിംഗ്‌സ്, മൊബൈല്‍ ലെജന്റ്‌സ്, ടിക്‌ടോക്, ക്ലബ് ഫാക്ടറി, ഷെയ്ന്‍, റോംവെ, ആപ്പ്‌ലോക്ക്, വാമറ്റ്, ഗെയിം ഓഫ് സുല്‍ത്താന്‍ എന്നിവ നിരോധിച്ചതായാണ് വ്യാജകുറിപ്പില്‍ ഉള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും എന്‍ഐസി ഇതുവരെ നല്‍കിയിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി.

ഗല്‍വാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ചൈന വിരുദ്ധ വികാരത്തെ മുതലെടുത്താണ് ഇത്തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്നത്.