Covid19
ഡൽഹി ആരോഗ്യമന്ത്രിയുടെ നിലയിൽ പുരോഗതി; സദാ നിരീക്ഷിച്ച് ഡോക്ടർമാരുടെ സംഘം

ന്യൂഡൽഹി| കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്‌നിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ശ്രദ്ധിക്കാൻ ഗവൺമെന്റ്- സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാരുടെ ഒരു സംഘം തന്നെ രാപ്പകൽ പ്രവർത്തിക്കുന്നതായും ഇവർ പറഞ്ഞു. നിലവിൽ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് കെയർ സെന്റർ ഐ സി യുവിൽ അഡ്മിറ്റാണ് ഇദ്ദേഹം.
ഇന്നലെ ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയിരുന്നു. അതിനു ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്. ആർ ജി എസ് എസ് എച്ച് സിറ്റി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ഇവിടേക്ക് മാറ്റിയത്. രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി, മൗലാനാ ആസാദ് മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിലെ ഡോക്ടർമാർക്ക് പുറമെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും സംഘത്തിലുണ്ട്.
കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 17നാണ് മന്ത്രിയെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പനി കൂടുകയും ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തു. ന്യൂമോണിയ ലക്ഷണങ്ങൾ കൂടി കണ്ടതോടെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.