Gulf
ആരോഗ്യ പ്രവർത്തകർക്ക് ആദരവ് അർപ്പിക്കാൻ അൽ ഫുർസാൻ; വിണ്ണിൽ ചതുർവർണങ്ങൾ വിതറും

അബുദാബി | യു എ ഇയിൽ കൊവിഡ് പോരാട്ടത്തിലെ മുന്നണി പോരാളികൾക്ക് ആദരവർപ്പിച്ചുള്ള വ്യോമാഭ്യാസത്തിനൊരുങ്ങി അൽ ഫുർസാൻ സംഘം. കൊവിഡ് ചികിത്സ നടക്കുന്ന വിവിധ ആശുപത്രികൾക്ക് മുകളിലാണ് വരും ദിവസങ്ങളിൽ അൽ ഫുർസാൻ സംഘം പ്രകടനം നടത്തുക. യു എ ഇ പതാകയുടെ ചതുർവർണങ്ങൾ സായുധസേനയുടെ വിമാനങ്ങൾ വാനിൽ വിതറും. കൊവിഡ് പോരാട്ടത്തിൽ രാജ്യത്തിൻറെ മുന്നണിപ്പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് സേനയുടെ അഭ്യാസ പ്രകടനങ്ങൾ.
രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിച്ചാണ് സായുധസേന ജനറൽ കമാൻഡ് ആശുപത്രികൾക്ക് മുകളിൽ വാനിൽ വ്യോമാഭ്യാസങ്ങൾ കൊണ്ട് വിസ്മയം തീർക്കുക. ഇന്ന് (ഞായർ) വൈകിട്ട് അബുദാബിയിലാണ് അൽ ഫുർസാൻ സംഘത്തിന്റെ പ്രകടനങ്ങൾക്ക് തുടക്കമാവുക. അൽ റഹ്ബ ആശുപത്രികൾക്ക് മുകളിലും ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിക്ക് മുകളിലും സംഘം പ്രകടനംനടത്തും.
സായുധ മിലിട്ടറി ഹോസ്പിറ്റൽ, എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റി എന്നിവിടങ്ങളിലും പ്രകടനം നടക്കും. വൈകിട്ട് അഞ്ചരക്കും ആറരക്കും ഇടയിലായിരിക്കും പ്രകടനങ്ങൾ. തിങ്കളാഴ്ച വൈകിട്ട് ആറരക്ക് അൽ ദഫ്റ ആശുപത്രിയുടെ മുകളിലും, ചൊവ്വ വൈകിട്ട് ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് മുകളിലും സായുധസേന വ്യോമാഭ്യാസം നടത്തും.