Connect with us

Covid19

സഊദി ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്; ഉംറയും മദീന സന്ദര്‍ശനവും ഇല്ല

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് മാസമായി തുടരുന്ന ലോക്ക്ഡൗണിന് ഞായറാഴ്ച രാവിലെ മുതല്‍ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ക്ക് രാവിലെ ആറ് മണി മുതല്‍ വിരാമമാവും. എന്നാല്‍, ഉംറ തീര്‍ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. അതേസമയം, മസ്ജിദുന്നബവിയിലേക്ക് ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കായി പ്രവേശന വിലക്കില്ല.

വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാം. അമ്പതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനുള്ള വിലക്ക് തുടരും. താമസ സ്ഥലങ്ങളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമം ലംഘിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, കര- കടല്‍ മാര്‍ഗമുള്ള യാത്ര എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. സഊദിയില്‍ നിന്നും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ല. എന്നാല്‍ മടക്ക യാത്രക്കുള്ള വിലക്ക് തുടരുകയാണ്. ഇതോടെ അവധിക്കായി മടങ്ങിയവരുടെ മടക്ക യാത്ര ഇനിയും വൈകും. ഉംറ, സന്ദര്‍ശന വിസകള്‍ക്കുള്ള താത്കാലിക വിലക്ക് തുടരും.

Latest