Connect with us

Covid19

സഊദിയിലെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മീഡിയാ ഫോറം മന്ത്രിയെ ധരിപ്പിച്ചു

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സംസ്ഥാന ഉന്നത വിദ്യാഭ്യാസ, ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീലിനെ ധരിപ്പിച്ച് മാധ്യമ പ്രവര്‍ത്തകര്‍. മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം (ജിംഫ്) മന്ത്രിയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചത്.

ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ സഊദിയിലെത്തിക്കുന്നതിന് കാലതാമസമെടുക്കുമെന്നും അതുവരെ അത്യാവശ്യക്കാരായ പ്രവാസികളുടെ യാത്ര തടസ്സപ്പെടാതിരിക്കേണ്ടതുണ്ടെന്നും ടെസ്റ്റിന് നിശ്ചയിച്ച സമയം നീട്ടിക്കൊടുക്കേണ്ടി വരുമെന്നും ജിംഫ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വന്ദേ ഭാരത് മിഷന്‍ വഴി വളരെ കുറഞ്ഞ സര്‍വീസുകളാണ് സഊദിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുന്നതെന്നും അതു പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.

സന്ദര്‍ശക വിസക്ക് വന്ന് അവശ്യ മരുന്നുകളും മറ്റും തീര്‍ന്ന പ്രായം ചെന്ന ആളുകളുടെയും മാസം തികഞ്ഞ ഗര്‍ഭിണികളുടെയുമെല്ലാം യാത്ര നീണ്ടുപോകുന്നത് മനുഷ്യാവകാശ പ്രശ്‌നമായി കണ്ട് പരിഹരിക്കണം. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുമ്പോള്‍ നോര്‍ക്കാ, ലോക കേരള സഭാ പ്രതിനിധികളുമായി കൂടിയാലോചന നടത്തണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

സഊദിയിലെ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അതിനു വേണ്ട നയനിലപാടുകളാണ് കൈക്കൊള്ളുകയെന്നും മന്ത്രി മറുപടി പറഞ്ഞു. വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച നടക്കുകയാണ്. അവര്‍ക്ക് തന്നെ വിമാനത്താവളങ്ങളില്‍ വെച്ച് ട്രൂനാറ്റ് ടെസ്റ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായുള്ള അനുമതി എത്രയും വേഗം ലഭ്യമാകും. ലോകം മുഴുവന്‍ അസാധാരണ പ്രതിസന്ധിയെയാണ് നേരിടുന്നത്. അതിന്റെ ഭാഗമായുള്ള ബുദ്ധിമുട്ടുകളും കെടുതികളും എല്ലാ രാജ്യങ്ങളിലുമുണ്ട്. ഈ ദുരിത കാലത്തെ നേരിടാന്‍ അല്പം ക്ഷമ കാണിക്കാന്‍ നാമെല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തോളം പ്രവാസികള്‍ മടങ്ങിയെത്തിയെന്നും അവര്‍ക്കാവശ്യമായ ക്വാറന്റൈനും ചികിത്സയും പരിചരണവും തികച്ചും സൗജന്യമായാണ് നല്‍കിയതെന്നും തുടര്‍ന്നും പ്രവാസികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുമെന്നും കെ ടി ജലീല്‍ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവര്‍ക്ക് ധന സഹായം പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ ഗള്‍ഫില്‍ മരിച്ചവരെയും പരിഗണിക്കുമെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ വീഡിയോ അഭിമുഖത്തില്‍ വിവിധ മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. “ജിംഫ് ” സെക്രട്ടറി സാദിഖലി തുവ്വൂര്‍ ഹോസ്റ്റ് ചെയ്തു. പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. നാസര്‍ കരുളായി, പി എം മായിന്‍കുട്ടി, ഗഫൂര്‍ കൊണ്ടോട്ടി, അബ്ദുര്‍റഹ്മാന്‍ തുറക്കല്‍, കബീര്‍ കൊണ്ടോട്ടി, ബിജുരാജ്, സിറാജുദ്ദീന്‍, മന്‍സൂര്‍ എടക്കര, സുല്‍ഫീക്കര്‍ ഒതായി സംസാരിച്ചു. മുസ്തഫ കെടി നന്ദി പറഞ്ഞു.

Latest