Connect with us

Gulf

ഖുന്‍ഫുദയില്‍ ഈ വര്‍ഷം വിളവെടുത്തത് നാല്‍പ്പതിനായിരം ടണ്‍ മാമ്പഴം

Published

|

Last Updated

ഖുന്‍ഫുദ | സഊദി അറേബ്യയിലെ ചെങ്കടല്‍ തീരത്തെ ഖുന്‍ഫുദയില്‍ ഈ വര്‍ഷം വിളവെടുത്തത് നാല്‍പ്പതിനായിരം ടണ്‍ മാമ്പഴം. കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ച വിളവെടുപ്പിലാണ് ഏറ്റവും ഉയര്‍ന്ന ഉത്പാദനം രേഖപ്പെടുത്തിയത്. ജൂലൈ വരെയാണ് വിളവെടുപ്പ് കാലം.

ഖുന്‍ഫുദയില്‍ മാത്രം നാല് ലക്ഷത്തിലധികം മാവുകളാണുള്ളത്. നാടന്‍ അറേബ്യന്‍ മാങ്ങകള്‍ക്ക് പുറമെ, ഇന്ത്യ, സുഡാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇനങ്ങളും ഇവിടെ കൃഷി ചെയ്തുവരുന്നു. കാര്‍ഷിക മന്ത്രാലയം കൃഷിക്കായിആധുനിക ജലസേചന സൗകര്യങ്ങളും സബ്‌സിഡിയും നല്‍കിവരുന്നുണ്ട്. കര്‍ഷകര്‍ക്ക് സാങ്കേതിക സഹായവുമായി ജല, കാര്‍ഷിക മന്ത്രാലയം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കാര്‍ഷിക മേഖലയെ കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഓരോ സീസണിലും മന്ത്രാലയം നല്‍കുന്നുണ്ട്.

50 വര്‍ഷം മുമ്പ് വാദി ഹാലിയിലെ അല്‍ സല്‍ബ് ഗ്രാമത്തിലാണ് ആദ്യമായി മാമ്പഴ കൃഷി ആരംഭിച്ചത്. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും അവയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി കഴിഞ്ഞ പത്ത് വര്‍ഷമായി ഇവിടെ മാമ്പഴ ഉത്സവങ്ങളും നടത്തിവരുന്നുണ്ട്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് ഈ മേളയില്‍ പങ്കെടുക്കുന്നതിനായി ഓരോ വര്‍ഷവും എത്തുന്നത്. പൗരാണിക സംസ്‌കാരം നിലനില്‍ക്കുന്ന മക്ക പ്രവിശ്യയിലെ നാലാമത്തെ വലിയ പ്രദേശവും ചെങ്കടല്‍ തീരത്തുള്ള വലിയ കടല്‍ തുറമുഖങ്ങളില്‍ ഒന്നുമാണിത്.

Latest