Kerala
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ്- ജോസ് തര്‍ക്കം പൊട്ടിത്തെറിയിലേക്ക്

കോട്ടയം | ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ജോസ് കെ മാണി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു ഡി എഫിന്റെ അന്ത്യശാസനം പാര്‍ട്ടി തള്ളി. നിലവിലെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. പി ജെ ജസോഫ് കാണിച്ചത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി തീരുമാനം അറിയിച്ച സാഹചര്യത്തില്‍ പി ജെ ജോസഫ് വിഭാഗം ഇന്ന് വൈകിട്ട് തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി തീരുമാനം അറിയിക്കും. ജോസ് കെ മാണി വിഭാഗം പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ ഇപ്പോഴും യു ഡി എഫ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇന്നത്തെ യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം എന്ത് തീരുമാനം എടുത്താലും യു ഡി എഫ് അതിനൊപ്പം നില്‍ക്കാനാണ് സാധ്യത. ജോസഫ് വിഭാഗം ധാരണ പ്രകാരം രാജിവെക്കാന്‍ തയ്യാറാകണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി കഴിഞ്ഞു.
അതേ സമയം യു ഡി എഫിലെ പ്രശ്‌നങ്ങള്‍ എല്‍ ഡി എഫ് നിരീക്ഷിച്ചുവരുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ജോസ് കെ മാണിക്കൊപ്പം എല്‍ ഡി എഫ് നിന്നേക്കും.