Connect with us

Covid19

കൊവിഡ് വ്യാപനം: ലഫ്.ഗവർണറുടെ നിർദേശങ്ങൾക്കെതിരെ വിയോജിപ്പുമായി കെജ്രിവാൾ

Published

|

Last Updated

ന്യൂഡൽഹി| ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ പുതിയ നിർദേശത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ വൈറസ് ബാധിതർ ഹോം ക്വാറന്റൈനിൽ പോകുന്നതിന് മുമ്പ് അഞ്ച് ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന ലഫ്. ഗവർണറുടെ നിർദേശത്തിനെതിരെ ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുമായി നടത്തിയ യോഗത്തിലാണ്  മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും യോഗത്തിൽ പങ്കെടുത്തു.

രാജ്യമെങ്ങും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് ഹോം ക്വാറന്റൈൻ മതിയെന്നാണ് ഐ സി എം ആർ നിർദേശം. എന്നിട്ടും എന്തുകൊണ്ടാണ് ഡൽഹിക്ക് മാത്രം വ്യത്യസ്ത മാർഗനിർദേശങ്ങളെന്ന് അദ്ദേഹം ചോദിച്ചു. ഡൽഹിയിലെ ഭൂരിഭാഗം കൊവിഡ് രോഗികളും രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണെന്നും അവർക്കെല്ലാവർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക എളുപ്പമല്ലെന്നും കെജ്‌രിവാൾ പറഞ്ഞു.

റെയിൽവേ കോച്ചുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഈ ചൂടിൽ  ഒരാൾക്ക് എങ്ങനെയാണ് അതിൽ കഴിയാൻ സാധിക്കുക. പാവപ്പെട്ട രോഗികളോ അതോ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളോ ആർക്കാണ് ഞങ്ങൾ പ്രധാന്യം നൽകേണ്ടത്. ഇപ്പോൾ തന്നെ ആരോഗ്യപ്രവർത്തകരുടെ കുറവുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്ർറൈനി പോകണം എന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർ പരിശോധനക്ക് തയ്യാറായില്ലെന്ന് വരും. ഇത് നഗരത്തെ കൂടുതൽ ദുരിതത്തിലാക്കും. അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവിൽ ആരോഗ്യപ്രവർത്തകരുടെയും കിടക്കകളുടെയും ദൗർലഭ്യം സർക്കാർ നേരിടുന്നുണ്ട്. അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയാൽ ഈ മാസം 30 ഓടെ കൊവിഡ് രോഗികൾക്കായി 90,000 കിടക്കകൾ വേണ്ടിവരുമെന്ന് എ എ പി നേതാവ് രാഘവ് ചദ്ദ മുന്നറിയിപ്പ് നൽകി.

Latest