Connect with us

Gulf

എക്‌സ്‌പോ സൈറ്റിലെ തീപിടുത്തം: എൻജിനീയറും തൊഴിലാളിയും പറഞ്ഞത് കള്ളം

Published

|

Last Updated

ദുബൈ | വേൾഡ് എക്‌സ്‌പോ 2020 വേദിയിലുണ്ടായ തീപിടുത്തത്തിൽ നിർമാണ തൊഴിലാളിയും എൻജിനിയറും യഥാർഥ വിവരങ്ങൾ മറച്ചുവെച്ചതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 11നാണ് എക്‌സ്‌പോ സൈറ്റിൽ വെൽഡിംഗ് ജോലിക്കിടെ തീപിടുത്തമുണ്ടായത്.

അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ സംഘം 12 തവണ തീപിടുത്തം പുനരാവിഷ്‌കരിച്ചു. ഇതേതുടർന്നാണ് യഥാർഥ കാരണം കണ്ടെത്തിയതെന്ന് ദുബൈ പോലീസ് അറിയിച്ചു. രണ്ട് പൈപ്പുകൾ വെൽഡ് ചെയ്യുന്നതിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടുത്തത്തിന് കാരണം. വെൽഡിംഗ് പ്രവർത്തിക്കിടെ ട്യൂബിനുള്ളിലെ താപനില 350 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഇത് ട്യൂബിനുള്ളിൽ ജ്വലനമുണ്ടായി തീപിടുത്തമാവുകയായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ആൻഡ് ക്രിമിനോളജി ഡയറക്ടർ മേജർ ജനറൽ ഡോ. അഹ്മദ് അൽ മൻസൂരി പറഞ്ഞു. ശാസ്ത്രീയ പരീക്ഷണത്തിലൂടെയായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

വെൽഡിംഗ് ജോലികളിൽ ഒരു പിഴവും പറ്റിയിട്ടില്ലെന്നാണ് എൻജിനിയറും തൊഴിലാളിയും പോലീസിനോട് പറഞ്ഞത്. തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാനാണ് യഥാർഥ കാരണം ഇവർ മറച്ചുവെച്ചത്.
തീപിടുത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് തൊഴിലാളി രണ്ട് പൈപ്പുകൾ വെൽഡ് ചെയ്യുകയായിരുന്നു. സാങ്കേതിക തകരാർ കണ്ടതിനെതുടർന്ന് ഇയാൾ വെൽഡിംഗ് നിർത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പഴയ രീതിയിലേക്ക് മാറ്റാൻ ശ്രമിച്ചു. ശേഷം തൊഴിലാളി ബാത്ത് റൂമിലേക്ക് പോയി. അഞ്ച് മിനിറ്റിനുള്ളിൽ ജോലിചെയ്തിരുന്ന ഇടത്ത് തീ പടർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതാണ് പിന്നീട് തൊഴിലാളി കണ്ടത്.

വെൽഡിംഗ് ജോലിയിൽ സാങ്കേതിക തകരാർ ഉണ്ടായതായി തൊഴിലാളി എൻജിനിയറെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആരെയും അറിയിക്കേണ്ടെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനുമായിരുന്നു എൻജിനിയർ തൊഴിലാളിയോട് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

ശാസ്ത്രീയ അന്വേഷണത്തിലൂടെ യഥാർഥ സത്യം പുറത്തുകൊണ്ടുവന്ന അന്വേഷണസംഘത്തെ യു എ ഇ രാജ്യാന്തര സഹകരണ സഹ മന്ത്രിയും എക്‌സ്‌പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമിയും ദുബൈ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും അഭിനന്ദിച്ചു.

Latest