Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി, കോണ്‍ഗ്രസ് ഒന്നിലൊതുങ്ങി

Published

|

Last Updated

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന മുഖ്യമന്ത്രി വിജയ് രുപാണി

അഹമ്മദാബാദ് | ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. രണ്ട് സീറ്റുകളില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ഇതിന് വേണ്ടി തങ്ങളുടെ എം എല്‍ എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു.

ബി ജെ പിയുടെ നര്‍ഹാരി അമിന്‍, അജയ് ഭരദ്വാജ്, റമീളബെന്‍ ബാര എന്നിവരും കോണ്‍ഗ്രസിന്റെ ശക്തിസിന്‍ഹ് ഗോലിയുമാണ് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ഇന്ത്യന്‍ എക്‌സപ്രസ്സ് അറിയിച്ചു. നാല് മണിക്കൂറിന് ശേഷമാണ് വോട്ടെണ്ണലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയത്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എതിര്‍പ്പുകള്‍ ഉന്നയിച്ചതിനാലാണ് വോട്ടെണ്ണലിന് കാലതാമസം വന്നത്. കോണ്‍ഗ്രസിന്റെ എല്ലാ എതിര്‍പ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കുതിരക്കച്ചവടം തടയാന്‍ തങ്ങളുടെ എം എല്‍ എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ചില എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് പോയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

അതിനിടെ, രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റില്‍ ബി ജെ പി വിജയിച്ചു. 52 വോട്ടുകളില്‍ 28 എണ്ണം നേടിയാണ് ബി ജെ പി സ്ഥാനാര്‍ഥി ലീഷെംബ സനാജോബ വിജയിച്ചത്. എന്‍ ബിരണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന് വലിയ ആശ്വാസമാണിത്. ബി ജെ പിയുടെ മൂന്ന് എം എല്‍ എമാര്‍ കൂറുമാറി കോണ്‍ഗ്രസില്‍ ചേരുകയും മറ്റ് ആറ് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബി ജെ പി സര്‍ക്കാര്‍ പരുങ്ങലിലായത്.