Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കെ സി വേണുഗോപാലടക്കം രണ്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ നേടി കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഒരു സീറ്റില്‍ ബി ജെ പി വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് സീറ്റുകള്‍ ബി ജെ പി നേടി. ഇവിടെ ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചു. രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലെത്തിയവരില്‍ കെ സി വേണുഗോപാലും ഉള്‍പ്പെടുന്നു. അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ടില്ല.

രാജസ്ഥാനില്‍ വേണുഗോപാലിന് പുറമെ, നീരജ് ദാംഗിയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്. ബി ജെ പിയുടെ രാജേന്ദ്ര ഗെഹ്ലോട്ടും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി. മധ്യപ്രദേശില്‍ രാഷ്ട്രീയ കൂടുമാറ്റം നടത്തിയ ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പി ടിക്കറ്റില്‍ വിജയിച്ചു. സുമേര്‍ സിംഗ് സോളങ്കിയാണ് സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലെത്തിയ ബി ജെ പിയുടെ മറ്റൊരു പ്രതിനിധി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗും മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തി.

കര്‍ണാടക, ആന്ധ്രാ പ്രദേശ് അടക്കം 10 സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഒമ്പതിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. റിസോര്‍ട്ട് രാഷ്ട്രീയം, രാജി, കൂടുമാറ്റം, കൈക്കൂലി ആരോപണം തുടങ്ങിയ ഒരുപാട് നിര്‍ണായക ഘടകങ്ങളാല്‍ മുഖരിതമായിരുന്നു ഈ രാജ്യസഭാ തിരഞ്ഞെടുപ്പ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ശക്തമായ പോരാട്ടം നടന്നത്. ബി ജെ പിയുടെ ചാക്കിട്ടുപിടിത്തം രാജസ്ഥാനില്‍ ഏശിയില്ല എന്നതിന്റെ തെളിവ് കൂടിയാണ് കോണ്‍ഗ്രസിന്റെ രണ്ട് സ്ഥാനാര്‍ഥികളും വിജയിച്ചത്.