National
ലഡാക്ക് സംഘർഷം ആസൂത്രിതം, സർക്കാർ ഗാഢഉറക്കത്തിലായിരുന്നെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി| കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്ര സർക്കാറിനെതിരെ വീണ്ടും രൂക്ഷ വിമർശവുമായി രാഹുൽ ഗാന്ധി.
ഇപ്പോൾ എല്ലാം വ്യക്തമായിരിക്കുന്നു. ഗാൽവാനിലെ ചൈനയുടെ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. ഇന്ത്യൻ സർക്കാർ ഗാഢഉറക്കത്തിലായിരുന്നു. പ്രശ്‌നത്തെ അവഗണിക്കുകയും ചെയ്തു. വില നൽകേണ്ടി വന്നത് നമ്മുടെ സൈനികർക്കാണ് രാഹുൽ ട്വീറ്റിൽ കുറിച്ചു. പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിനു മുമ്പായാണ് രാഹുൽ രംഗത്തു വന്നത്.
ഇന്ത്യൻ സൈന്യം തക്ക മറുപടി നൽകുമെന്ന പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ വാർത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
ആക്രമണത്തെ സംബന്ധിച്ച് വിമർശനമുന്നയിച്ച് ഇന്നലെയും രാഹുൽ രംഗത്തെത്തിയിരുന്നു. നമ്മുടെ സൈന്യത്തെ കൊല്ലാത്ത ചൈനക്ക് എങ്ങിനെ ധൈര്യം വന്നു. ആരാണ് അതിർത്തിയിലേക്ക് ആയുധമില്ലാതെ സൈന്യത്തെ അയച്ചതെന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.