National
പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിലേക്ക് എ എ പിക്കും ആർ ജെ ഡിക്കും ക്ഷണമില്ല

ന്യൂഡൽഹി| അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി നേതാക്കളുടെ യോഗത്തിൽ എ എ പിക്കും ലാലു യാദവിന്റെ ആർ ജെ ഡിക്കും ക്ഷണമില്ല. ഇന്ന് വൈകീട്ട് അഞ്ചിനാണ് പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് എല്ലാ പാർട്ടി പ്രസിഡന്റുമാരുമായും സംസാരിച്ച് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്.
എന്തുകൊണ്ടാണ് യോഗത്തിൽ വിളിക്കാത്തതെന്ന് ആർ ജെ ഡി നേതാവ് രാജേശ്വരി യാദവ് ട്വീറ്റ് ചെയ്തിരുന്നു. അഞ്ച് എം പിമാരിൽ കൂടുതലുള്ള രാഷ്ട്രീയ പാർട്ടികളെയാണ് യോഗത്തിൽ ക്ഷണിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് നാല് എം പിമാർ മാത്രമാണുള്ളത്.
കേന്ദ്രത്തിൽ വിചിത്രമായ സ്വഭാവമുള്ള ഒരു സർക്കാറുണ്ട്. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ ഒരു സർക്കാറുണ്ടെന്നും രാജ്യത്തെ സംബന്ധിച്ചുള്ള ഒരു സുപ്രധാന വിഷയത്തിൽ ആം ആദ്മിയുടെ നിലപാടുകൾ ആവിശ്യമില്ലെയെന്നും വിഷയത്തിൽ അസ്വസ്ഥനായ ആം ആദ്മി നേതാവ് സഞ് ജയ് സിംഗ് ട്വീറ്റ് ചെയ്തു. യോഗത്തിൽ പ്രധാനമന്ത്രി എന്ത് പറയുന്നു എന്ന് കേൾക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
അഞ്ച് പേരുള്ള ആർ ജെഡി പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടേണ്ടതായിരുന്നുവെന്ന് പാർട്ടി നേതാവ് മനോജ് കുമാർ ജാ ട്വീറ്റിൽ ചൂണ്ടികാട്ടി. എല്ലാ പാർട്ടികളുടെയും കാഴ്ചപ്പാടുകൾ മുന്നോട്ട് വെക്കാൻ എല്ലാവരെയും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ബിജു ജനതാദൾ പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായ്ക്, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ എസ് പി നേതാവ് ശരത് പവാർ, വൈഎസ്ആർ കോൺഗ്രസ് പ്രസിഡന്റും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ബിഎസ്പി മേധാവി മായാവതി, ഡി രാജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.