Covid19
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അൻപഴകന് കൊവിഡ്

ചെന്നൈ| തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പി അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു
ധർമപുരിയിലും ചെന്നൈയിലും സർക്കാറിന്റെ കൊവിഡ് സഹായ വിതരണ പദ്ധതികളിലും യോഗങ്ങളിലും മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ. മറ്റ് വകുപ്പുകളിലെ മന്ത്രിമാരും ആരോഗ്യ സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി വൈറസ് ബാധിച്ച് മരിച്ചത് തമിഴ്‌നാട്ടിലാണ്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ പ്രതിനിധി ഡി എം കെ. എം എൽ എ ജെ അൻപഴകനാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം അണ്ണാ ഡി എം കെയുടെ ഒരു എം എൽ എക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഓഫീസിലും കൊവിഡ് റിപ്പോർട്ട് ചെയ്യുകയും പ്രൈവറ്റ് സെക്രട്ടറി മരിക്കുകയും ചെയ്തിരുന്നു. ഓഫീസിൽ ഒമ്പത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 52,334ആയി. 625പേർ മരിച്ചു. ഇന്നലെ മാത്രം 49 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 37,070കടന്നു.