National
ചൈനീസ് പരാക്രമം: രാജ്യത്ത് സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി | ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ ആക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വ്വകക്ഷി യോഗം ഇന്ന് ചര്‍ച്ച ചെയ്യും. യോഗത്തില്‍ അതിര്‍ത്തിയില്‍ നടന്നത് എന്തെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വിശദീകരിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും.
തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും.
പ്രശ്‌ന പരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളും വിശദീകരിക്കും. ഇന്നലെ നടന്ന മേജര്‍ ജനറല്‍ തലത്തിലെ ചര്‍ച്ചയിലും പ്രശ്‌നപരിഹാരമായില്ല. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും. അതേ സമയം ഗാല്‍വാന്‍ നദിയിലെ ഒഴുക്ക് വഴിതിരിച്ചുവിടാന്‍ ചൈന ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബുള്‍ഡോസറുകള്‍കൊണ്ടുവന്ന് ഇവിടെ പ്രവൃത്തി നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.