National
24 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്; പകുതിയോളം സീറ്റില്‍ ഉറച്ച വിജയ പ്രതീക്ഷയുമായി ബി ജെ പി

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരിക്കിടെ രാജ്യത്ത് ഇന്ന് ഒരു തിരഞ്ഞെടുപ്പ് പോരാട്ടം. വിവിധ സംസ്ഥാനങ്ങളിലായി രാജ്യസഭയിലെ 24 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടെണ്ണലുമാണ് ഇന്ന് നടക്കുക. രാജ്യസഭയില്‍ ഭൂരിഭക്ഷത്തിനായി ബി ജെ പി കിണഞ്ഞ് പരിശ്രമം തുടങ്ങിയിട്ട് നാള് ഏറെയായി. വിവിധ സംസ്ഥാനങ്ങളിലെ എതിര്‍ പാര്‍ട്ടി എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ഇതിനകം ബി ജെ പിക്ക് കഴിഞ്ഞു. കുതിരക്കച്ചവടം ഭയന്ന് ഗുജറാത്തിലേയും രാജസ്ഥാനിലേയും കോണ്‍ഗ്രസ് എം എല്‍ എമാര്‍ റിസോര്‍ട്ടിലാണ്. ഇവിടെ നി്ന്നാകും എം എല്‍ എമാര്‍ വോട്ടെടുപ്പിനായി സംസ്ഥാന നിയമസഭയിലെത്തുക. ഇന്ന് ഭൂരിഭക്ഷം സീറ്റും പിടിച്ചടക്കാനായാല്‍ രാജ്യസഭയിലും എന്‍ ഡി എ ഭൂരിഭക്ഷത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ജ്യോതിരദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ മറുകണ്ടം ചാടിച്ച് മധ്യപ്രദേശ് ഭരണം ബി ജെ പി ഇതിനകം നേടിക്കഴിഞ്ഞു. ഇവിടത്തെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഇതില്‍ ബി ജെ പി ജ്യോാതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിനായി ദിഗ് വിജയ് സിംഗുമാണ് മത്സരിക്കുന്നവരില്‍ പ്രമുഖര്‍. മധ്യപ്രദേശില്‍ ബി ജെ പിക്ക് എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ അത് സംസ്ഥാന ഭരണത്തേയും പ്രതിഫലിക്കും. എം എല്‍ എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുഫലം എന്താവുമെന്നത് വെള്ളിയാഴ്ചത്തെ രാഷ്ട്രീയസംഭവവികാസങ്ങളെ ആശ്രയിച്ചിരിക്കും. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ കക്ഷിനില അനുസരിച്ച് മൂന്നില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണ്. ഇവിടെ, അട്ടിമറിക്ക് ബി ജെ പി ശ്രിക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് എം എല്‍ എമാരായെ ജയ്പുരിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കയാണ്. ബി ജെ പിയുടെ എം എല്‍ എമാരും ഇവിടെ റിസോര്‍ട്ടിലാണുള്ളത്.
ഗുജറാത്തില്‍ അധികാരത്തിലുള്ള ബി ജെ പിക്ക് നാല് സീറ്റില്‍ മൂന്നെണ്ണം നേടാന്‍ രണ്ട് സാമാജികരുടെ പിന്തുണകൂടി വേണം. ഇവിടെയും കോണ്‍ഗ്രസ് എ എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എട്ട് എം എല്‍ എമാര്‍ ഇതിനകം രാജിവെച്ച് ബി ജെ പി ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ രണ്ടുസീറ്റിലേക്ക് ബി ജെ പിയും കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ഓരോ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും(ജനതാദള്‍-എസ്) കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം നാലുപേര്‍ കര്‍ണാടകത്തില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ ബി ജെ പിയില്‍ നിന്നാണ്.
245 അംഗം രാജ്യസഭയില്‍ ഭൂരിഭക്ഷത്തിന് വേണ്ടത് 123 സീറ്റാണ്. എന്‍ ഡി എക്കൊപ്പം സുഹൃദ് പാര്‍ട്ടിയായ എ ഡി എം കെകൂടി ചേരുന്നതോടെ 115 അംഗങ്ങളുടെ പിന്തുണ സര്‍ക്കാറിനുണ്ടാകും. ഇവരെ കൂടാതെ ബി ജെ ഡി ഒമ്പത്, ടി ആര്‍ എസ് ഏഴ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് ആറ് പാര്‍ട്ടികളുടെ 22 സീറ്റുകള്‍ നിര്‍ണായകസമയങ്ങളിലെല്ലാം ബി ജെ പിക്ക് അനുകൂലമായാണ് ലഭിക്കാറുള്ളത്. കൂടാതെ എസ് പി , ബി എസ് പി കക്ഷികള്‍ കോണ്‍ഗ്രസുമായി ഇപ്പോള്‍ വലിയ തോതില്‍ അകന്ന് നില്‍ക്കുകയാണ്. ഇതിനാല്‍ ഭരണപക്ഷത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്ന അവസ്ഥയാണ് രാജ്യത്ത് വരാന്‍ പോകുന്നത്.