Connect with us

Articles

ഇന്ധന വില കൂട്ടുന്നതെന്തിന്?

Published

|

Last Updated

ന്ത്യയില്‍ തുടര്‍ച്ചയായി പത്ത് ദിവസത്തിലധികം പെട്രോളിനും ഡീസലിനും വില ഉയരുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കും. കഴിഞ്ഞ രണ്ടര മാസമായി മഹാ ദുരന്തത്തിന്റെ ആഘാതമേറ്റു തളര്‍ന്നിരിക്കുന്ന ജനതക്ക് മേല്‍ ഇങ്ങനെ ആഞ്ഞടിക്കാന്‍ ജനാധിപത്യ സംവിധാനത്തിലൊരു സര്‍ക്കാര്‍ തയ്യാറാകുന്നു എന്നത് തന്നെ ആരെയും അത്ഭുതപ്പെടുത്തും. അത് സംഭവിച്ചിരിക്കുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ നമ്മളെല്ലാം കരുതിയിരുന്നത് അന്താരാഷ്ട്ര നിലവാരത്തില്‍ ക്രൂഡ് എണ്ണയുടെ വില മാറുന്നതനുസരിച്ചാണ് നമ്മുടെ പെട്രോള്‍, ഡീസല്‍ വില മാറുന്നതെന്നാണ്. സമൂഹത്തിന്റെ ചലനം നിര്‍ണയിക്കുന്നതില്‍ ഏറ്റവും പ്രധാനമായ ഇന്ധന വിലയില്‍ (പെട്രോള്‍, ഡീസല്‍, പാചക വാതകം, മണ്ണെണ്ണ മുതലായവ) ജനകീയ സര്‍ക്കാറുകള്‍ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. അത് സര്‍ക്കാറിന്റെ ജനപക്ഷ നയങ്ങളെ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വില (ഒപ്പം ഇന്ത്യന്‍ രൂപയുടെ വിലയിടിവും ഇറക്കുമതി വില കൂട്ടുന്നു) കൂടിയാലും അത് സാധാരണ ജനങ്ങളെ ബാധിക്കാത്ത വിധത്തില്‍ തങ്ങളുടെ നികുതി സംവിധാനത്തില്‍ ഭേദഗതികള്‍ വരുത്തി സംരക്ഷിക്കുകയായിരുന്നു.

ഇന്ത്യയില്‍ തന്നെ ഖനനം ചെയ്തു കിട്ടുന്ന ക്രൂഡിന്റെ വില കണക്കാക്കുന്നത് യഥാര്‍ഥ ഖനനച്ചെലവില്‍ അല്ല, മറിച്ച് ആ ക്രൂഡ് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ നികുതി അടക്കം എത്ര വില വരുമോ അതായി കണക്കാക്കി ഉത്പന്ന വില നിശ്ചയിക്കാന്‍ അവര്‍ക്കു കഴിയും. ഇതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കുന്നു. ഇവരെ കമ്പോളത്തിലെ ഇന്ധനവില കുറച്ച് വില്‍ക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ രാജ്യത്തെ എണ്ണയുത്പാദന കമ്പനികള്‍ക്ക് അവരുടെ വരുമാനത്തില്‍ കുറവ് വരുന്നു എന്ന ന്യായം പറഞ്ഞുകൊണ്ട് വലിയൊരു തുക സര്‍ക്കാര്‍ ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് സമ്മതിക്കുന്നു. ഇങ്ങനെ നല്‍കുന്നതിനായുള്ള തുക ഓയില്‍ പൂള്‍ അക്കൗണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ നീക്കിവെക്കുന്നു. സത്യത്തില്‍ ഈ എണ്ണക്കമ്പനികള്‍ക്ക് യാതൊരു നഷ്ടവും ഇല്ല. അവരുടെ കൊള്ളലാഭത്തില്‍ അല്‍പ്പം കുറവ് വരുന്നു എന്ന് മാത്രം.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ് പൊതുമേഖലയിലെ എണ്ണക്കമ്പനി ജീവനക്കാര്‍. അതുപോലെ അഴിമതിയിലും ധൂര്‍ത്തിലും അവര്‍ മുന്നിലാണ്. എങ്കിലും സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നു.
ഉദാരവത്കരണ നയങ്ങള്‍ നടപ്പായതോടെ എണ്ണ ഉത്പാദന മേഖലകളിലേക്ക് സ്വകാര്യ ഭീമന്മാര്‍ ( അംബാനിയുടെ റിലയന്‍സും എസ്സാറും മറ്റും) കടന്നു വരുന്നു. ഇവരൊക്കെ സര്‍ക്കാറിനും അതിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും മേല്‍ ശക്തമായ നിയന്ത്രണമുള്ളവരാണ്. അവര്‍ക്കു ഗുണകരമായ രീതിയിലായിരിക്കും എണ്ണവിലനിര്‍ണയ നയം എന്നതായി സ്ഥിതി. എങ്കിലും ജനരോഷം ഭയന്ന് ഇന്ധന വിലയിലുള്ള നിയന്ത്രണം ഏറെക്കാലം സര്‍ക്കാര്‍ കൈവശം വെച്ചു പോന്നു. എന്നാല്‍ ഉദാരീകരണ സമ്മര്‍ദം ഏറിയപ്പോള്‍ 2011 കാലത്ത് യു പി എ സര്‍ക്കാര്‍ വിലനിര്‍ണയാധികാരം ഒരു സ്വതന്ത്ര സ്ഥാപനത്തിന് നല്‍കി. അതിനൊരു രീതിയും ഉണ്ടാക്കി. പിന്നീട് വിലയില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ നികുതികളില്‍ കൂടിയാണ്. എക്‌സൈസ് നികുതിയും വില്‍പ്പന നികുതിയും പിന്നെ നിരവധി സര്‍ചാര്‍ജുകളും സെസ്സുകളും അതില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭം എത്ര ഉയര്‍ത്താമോ അത്രയും ഉയര്‍ത്തുക എന്നതിനായി പ്രാഥമിക പരിഗണന. ഒപ്പം സര്‍ക്കാറിന്റെ ഏറ്റവും പ്രധാന വരുമാന മാര്‍ഗമായി ഇന്ധന നികുതി മാറി. ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില അത്ര പ്രധാനമല്ലാതായി, അതിന്റെ സ്വാധീനം കേവലം 40 ശതമാനം മാത്രം.

ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ 2014ലെ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ശക്തമായി ഉയര്‍ത്തിയ വിഷയം പെട്രോള്‍, ഡീസല്‍ വിലയായിരുന്നല്ലോ. യു പി എ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നായിരുന്നു അവരുടെ വാദം. അവര്‍ കാളകളെ കെട്ടി കാറുകള്‍ വലിക്കുകയും തെരുവിലൂടെ വാഹനങ്ങള്‍ കെട്ടിവലിക്കുകയും ചെയ്തു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പെട്രോള്‍ ലിറ്ററിന് അമ്പത് രൂപക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ അന്താരാഷ്ട്ര വില അന്ന് ബാരലിന് നൂറ് ഡോളര്‍ ആയിരുന്നു. പെട്രോളിന് 72 രൂപയും. ആ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നെ നാം കണ്ടത് അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില താഴേക്കു വരുന്നതാണ്.

യൂറോപ്പിലും അമേരിക്കയിലും കൊവിഡ് ബാധ ഉച്ചത്തിലെത്തിയ സമയത്ത് ക്രൂഡിന് നെഗറ്റീവ് വില വരെയെത്തി. ലോക്ക്ഡൗണ്‍ മൂലം ഉപഭോഗം അങ്ങേയറ്റം താഴേക്കു പോയതാണ് കാരണം. പക്ഷേ, നമ്മുടെ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ കേവലം 37 ഡോളറാണ് ഒരു ബാരലിന്റെ വില. പക്ഷേ, പെട്രോള്‍ വില 76 രൂപയാണ്. ഇത് 20 ഡോളര്‍ ആയപ്പോഴും വില കുറവായിരുന്നില്ല.

ക്രൂഡ് വില കുറയുമ്പോഴും എങ്ങനെയാണ് ഇന്ധനവില കൂട്ടുന്നത്? സര്‍ക്കാര്‍ ചുമത്തുന്ന നികുതി, പ്രത്യേകിച്ചും എക്സൈസ് നികുതി കൂട്ടുന്നതിനാലാണിത്. അതിനൊപ്പം വില്‍പ്പന നികുതിയും മറ്റു സെസ്സുകളും സര്‍ചാര്‍ജുകളും കൂടുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം എക്‌സൈസ് നികുതിയിലുണ്ടായ വര്‍ധന പെട്രോളിന് 258 ശതമാനവും ഡീസലിന് 815 ശതമാനവും ആണ്. ജനങ്ങളുടെ എല്ലാ വരുമാന സാധ്യതകളും അടഞ്ഞിരിക്കുന്ന ഇക്കാലത്ത് ജീവിതച്ചെലവില്‍ സഞ്ചിതമായി വലിയ വര്‍ധനവുണ്ടാക്കുന്ന നയമാണ് സര്‍ക്കാര്‍ എടുക്കുന്നത്. ഈ വിഷയത്തില്‍ ചെറിയ ഒരിളവെങ്കിലും നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും. അവരുടെ വില്‍പ്പന നികുതി നിരക്ക് അല്‍പ്പം കുറച്ചാല്‍ മതി. കാരണം ഈ വിലവര്‍ധനയുടെ ഒരു പങ്ക് അവര്‍ക്കും കിട്ടുന്നുണ്ട്. പക്ഷേ, അവരും അതിനു തയ്യാറല്ല. കാരണം ഈ ദുരന്തകാലത്ത് തങ്ങളുടെ വരുമാനം കുറയുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.

ഇന്ധനവില ഇനി അടുത്തെങ്ങും കുറയാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലം തീര്‍ന്നു കഴിഞ്ഞിരിക്കുന്നു. മുടങ്ങിയ കാലത്തെ നഷ്ടം ( ലാഭത്തിലെ കുറവ്) എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുമെന്ന് എണ്ണക്കമ്പനികള്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് സര്‍ക്കാര്‍ പിന്തുണ നല്‍കാതിരിക്കില്ല. അംബാനിയും എസ്സാറും നഷ്ടം സഹിക്കുന്നത് അനീതിയാണല്ലോ. സാധാരണ ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും അവര്‍ക്ക് പ്രശ്‌നമല്ല. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വില ഉയരും, കാരണം ഉപഭോഗം കൂടും. ഇതിനിടയില്‍ ഇന്ത്യന്‍ രൂപ മുതലക്കൂപ്പ് കുത്തുകയാണ്. ഇന്നലത്തെ നിരക്കില്‍ ഒരു ഡോളറിന് 76.27 രൂപയാണ്. അതും വില വര്‍ധനവിന് കാരണമാകും.

ഒരര്‍ഥത്തില്‍ പല സര്‍ക്കാറുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കൊവിഡ് ഒരു അനുഗ്രഹമാണ്, അവര്‍ സമ്മതിക്കില്ലെങ്കിലും. കൊവിഡിന് മുമ്പ് തന്നെ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ ആ തകര്‍ച്ചക്ക് ഒരു കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയുമല്ലോ. തന്നെയുമല്ല കാര്യമായ എതിര്‍പ്പില്ലാതെ ഏത് ജനവിരുദ്ധ നയങ്ങളും നടപ്പാക്കാം. ജനങ്ങളുടെ വായ അടച്ചിരിക്കുകയാണല്ലോ. പക്ഷേ, ഈ സര്‍ക്കാറുകള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ചു മരിച്ച അമേരിക്കയെ നോക്കൂ. ഒരു കറുത്ത വര്‍ഗക്കാരന് നേരെ പോലീസ് അതിക്രമം ഉണ്ടായപ്പോള്‍ എല്ലാ വിധ വിലക്കുകളും ലംഘിച്ചുകൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. ഇവിടെയും ജനവികാരം തീര്‍ത്തും അവഗണിച്ചു കൊണ്ട് സര്‍ക്കാറുകള്‍ മുന്നോട്ടു പോയാല്‍ ജനരോഷം ശക്തമായി ഉയര്‍ന്നു വരും.

Latest