Kerala
അഭിമന്യു വധം: മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി

കൊച്ചി | എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.
അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ആണെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. 2018 ജൂലെ രണ്ടിനാണ് അഭിമന്യു കോളജിന് മുന്നില്‍ കുത്തേറ്റ് മരിച്ചത്. സഹലിനെ പിടികൂടാനാകാത്തത് കേരള പോലീസിന് വലിയ നാണക്കേടായിരുന്നു. കേസില്‍ ഒമ്പത് പ്രതികള്‍ക്കെതിരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തായ അര്‍ജുനും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. പോപ്പുലര്‍ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. എന്നാല്‍ സഹല്‍, മുഹമ്മദ് ഷഹീം എന്നീ പ്രതികളെ കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പോലീസിന് പിടികൂടാനായിരുന്നില്ല. പിന്നീട് ഷഹീം കഴിഞ്ഞ നവംബറില്‍ കീഴടങ്ങുകയായിരുന്നു. അഭിമന്യൂവിന്റെ സുഹൃത്തായ അര്‍ജുനെ കുത്തിയത് ഷഹീമായിരുന്നു