Ongoing News
ഇനി ഓഡിയോ വഴി ട്വീറ്റ് ചെയ്യാം; പുത്തൻ ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

ന്യൂഡൽഹി| ഉപയോക്താവിന് കൂടുതൽ സൗകര്യമൊരുക്കി പുത്തൻ ഫീച്ചറുമായി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ. ഓഡിയോകൾ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യാം എന്ന കിടിലൻ ഫീച്ചറാണ് ട്വിറ്റർ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. 140 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോകളാണ് പോസ്റ്റ് ചെയ്യാൻ സാധിക്കുക.
നിലവിൽ ഐ ഒ എസ് ഡിവൈസുകളിൽ ചുരുങ്ങിയ ആളുകൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുക. വരും ആഴ്ചകളിൽ എല്ലാവർക്കും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങും. ഇതുവഴി എല്ലാവർക്കും അവരുടെ ശബ്ദം ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനും അവ കാണാനും കേൾക്കാനും മറുപടി നൽകാനും സാധിക്കുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. കാലങ്ങളായി ഫോട്ടോകൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയവ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയാണ് എല്ലാവരും ട്വീറ്റ് ചെയതത്. പലപ്പോഴും ട്വീറ്റുകൾ 280 അക്ഷരങ്ങളിൽ കവിയാൻ പാടില്ല. ചിലത് വിവർത്തനങ്ങളിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് ട്വീറ്റർ പുതിയ ഫീച്ചറിന് തുടക്കം കുറിച്ചതെന്നും ഈ ഫീച്ചർ ഉപയോക്താവിന് കൂടുതൽ മാനുഷിക അടുപ്പം തോന്നിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ബ്ലോഗിൽ പറഞ്ഞു. ഒറിജിനൽ ട്വീറ്റുകളിൽ മാത്രമേ ഓഡിയോ ചേർക്കാൻ സാധിക്കുകയുളളൂ. ഉപയോക്താക്കൾക്ക് മറുപടികളോ റീ ട്വീറ്റുകളോ കമന്റുകൾ വഴി പറയാൻ സാധിക്കില്ലെന്നും കമ്പനി പറഞ്ഞു.
ട്വിറ്ററിൽ ഓഡിയോ റെക്കോർഡ് ചെയ്യുന്നതിങ്ങനെ
1. ആദ്യം ട്വീറ്റ് കമ്പോസർ തുറന്ന് തരംഗദൈർഘ്യമുള്ള ന്യൂ ഐക്കൺ ടാപ്പ് ചെയ്യുക
2. തുടർന്ന് നിങ്ങളുടെ പ്രൊഫൈലിൽ താഴെ കാണുന്ന റെക്കോർഡ് ബട്ടൺ അമർത്തി നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുക
3. പിന്നീട് നിങ്ങളുടെ ഓഡിയോ മറ്റ് ട്വീറ്റുകൾക്കൊപ്പം ടൈം ലൈനിൽ ദൃശ്യമാകുന്നത് കാണും.
4. കേൾക്കണമെങ്കിൽ ഇമേജിൽ ടാപ്പ് ചെയ്യുക
5. തുടർന്ന് നിങ്ങളുടെ ടൈം ലൈനിന്റെ ചുവടെ ഒരു പുതിയ വിൻഡോയിൽ ഓഡിയോ റെക്കോർഡ് ആരംഭിക്കും. സ്‌ക്രോൾ ചെയ്യുമ്പോൾ നിങ്ങൾക്ക് കേൾക്കാനും കാണാനും സാധിക്കും.