Covid19
കൊവിഡ്: ഫ്ളഷിങ് ടോയ്‌ലറ്റുകള്‍ വായുവിലൂടെ വൈറസുകള്‍ പടര്‍ത്താമെന്ന് പഠനം

ബീജിംഗ് | വൈറസുകള്‍ പടരുന്ന സാഹചര്യത്തില്‍ ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ ലിഡ് അടക്കണമെന്ന് പഠനം. ചൈനയിലെ യാങ്‌സോ സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ കൊവിഡ് വൈറസ് പോലുള്ളവ മനുഷ്യന്റെ ദഹനനാളത്തില്‍ നിലനില്‍ക്കുകയും ഇത് മലത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യാമെന്ന് കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നത് കമ്പ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ ഫ്‌ളഷിംഗ് ടോയ്‌ലറ്റിലെ ജലവും വായുപ്രവാഹവും മേഘത്തുള്ളികള്‍ക്ക് കാരണമായി. ഇതിനെ ശാസ്ത്രജ്ഞര്‍ “ടോയ്‌ലറ്റ് പ്ലൂം എയറോസോള്‍” എന്നാണ് വിളിക്കുന്നത്.
ഇത് നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതും വായുവിലേക്ക് പടര്‍ന്ന് ചുറ്റുപാടുകളില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. അടുത്ത തവണ ടോയ്‌ലറ്റില്‍ പോകുന്ന ആള്‍ക്ക് അത് ശ്വസിക്കുന്നതിലൂടെ വൈറസ് വ്യാപനമുണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ആളുകള്‍ ആദ്യം ലിഡ് അടച്ച ശേഷമായിരിക്കണം ഫ്‌ളഷിംഗ് നടത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു.
പൊതു ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരത്തില്‍ രോഗകാരണമാകുന്ന വൈറസുകള്‍ പകരാമെങ്കിലും കൊവിഡ് വൈറസ് പകരുമോയെന്ന കാര്യത്തില്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അരിസോണ സര്‍വകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാള്‍സ് പി ഗെര്‍ബ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
“റിസ്‌ക് പൂജ്യമല്ല, അത് എത്ര വലിയ അപകടസാധ്യതയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല,” 45 വര്‍ഷമായി ഈ രംഗത്തെ വിദഗ്ധനായ ഗെര്‍ബ പറഞ്ഞു. ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ വൈറസ് എത്രത്തോളം പകരുമെന്നത് ഇപ്പോഴും അജ്ഞാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.