Ongoing News
വൈദ്യുതി നിരക്ക് വർധന: യു ഡി എഫ് ലൈറ്റ്സ് ഓഫ് കേരള സമരം നടത്തി

തിരുവനന്തപുരം | ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് യു ഡി എഫ് സംസ്ഥാന വ്യാപകമായി ലൈറ്റ്സ് ഓഫ് കേരള സമരം സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് കന്റോൺമെന്റ്ഹൗസിൽ രാത്രി ഒമ്പത് മണിയോടെ മുഴുവൻ വൈദ്യുതി വിളക്കുകളും അണച്ച് മെഴുകുതിരി വെളിച്ചത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചത്.
കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങളായ എ കെ ആന്റണിയും കെ സി വേണുഗോപാലും ഡൽഹിയിലെ വസതിയിലും കെ പി സി സി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്തെ അമ്പലമുക്കിലെ അമ്പലനഗറിലെ വസതിയിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജഗതിയിലെ പുതുപ്പള്ളി ഹൗസിലും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്ടെ ദാറുന്നഈമിലും പി കെ കുഞ്ഞാലിക്കുട്ടി എം പി മലപ്പുറത്തെ പാണ്ടിക്കടവത്ത് ഹൗസിലും പി ജെ ജോസഫ് തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലും ആർ എസ് പി നേതാവ് എ എ അസീസ് കൊല്ലം ഉമയനെല്ലൂരിലെ കരീഴകത്ത് വീട്ടിലും പ്രതിഷേധത്തിൽ പങ്കെടുത്തു.