Connect with us

Kerala

വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വഖ്ഫ് ബോർഡ് ജീവനക്കാരുടെ നിയമനം കേരള പബ്ലിക് സർവീസ് കമ്മീഷന് (പി എസ് സി) വിടുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. ഇതുമായി ബന്ധപ്പെട്ട് ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതോടൊപ്പം സംസ്ഥാന പോലീസ് സേനയിലെ ജനറൽ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സർക്കിൾ ഇൻസ്‌പെക്ടർ തസ്തികയെ “ഇൻസ്‌പെക്ടർ ഓഫ് പോലീസ്” എന്ന് പുനർനാമകരണം ചെയ്യാനും തീരുമാനമായി. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും. കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്കാലിക പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കും ഇരുനൂറ് താത്കാലിക വനിതാ പോലീസ് കോൺസ്റ്റബിൾ ട്രെയിനി തസ്തികകൾക്കും തുടർച്ചാനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

ഗുരുതരമായ സന്ധിരോഗം ബാധിച്ച് ചികിത്സയിലുള്ള മലപ്പുറം ഏറനാട് സ്വദേശി ഷാഹിന്റെ തുടർ ചികിത്സക്ക് രണ്ട് വർഷത്തേക്ക് ആവശ്യമായി വരുന്ന 7.55 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.

കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ദിവസം കിഴക്കേകോട്ട ബസ് സ്റ്റാൻഡ് പരിസരത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ജലവിഭവ സെക്രട്ടറി ഡോ. ബി അശോകിനെ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി മാറ്റി നിയമിക്കും. സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷക്ക് സപ്ലൈകോ ജനറൽ മാനേജറായി ചുമതല നൽകും.

Latest