Connect with us

National

മണിപ്പൂരില്‍ വന്‍ രാഷ്ട്രീയ വഴിത്തിരിവ്; ബി ജെ പിയുടെ മൂന്ന് എം എല്‍ എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍, സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചു

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നില പരുങ്ങലില്‍. ബി ജെ പിയുടെ മൂന്ന് എം എല്‍ എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മറ്റ് ആറ് എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചു. സഖ്യകക്ഷിയായ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

ഇതോടെ എന്‍ ഡി എ സര്‍ക്കാറിന് 30 എം എല്‍ എമാരുടെ പിന്തുണ മാത്രമാണുള്ളത്. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നാല് എം എല്‍ എമാരാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ മന്ത്രിമാരാണ്. ഇവരും രാജിവെച്ചിട്ടുണ്ട്. ഇവരില്‍ ഉപമുഖ്യമന്ത്രി വൈ ജോയ്കുമാര്‍ സിംഗുമുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക എം എല്‍ എയും ജിരിബാമില്‍ നിന്നുള്ള ഒരു സ്വതന്ത്ര എം എല്‍ എയും സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. 60 അംഗ നിയമസഭയില്‍ നിലവില്‍ 59 എം എല്‍ എമാരാണുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബി ജെ പിയില്‍ ചേര്‍ന്ന ഒരു എം എല്‍ എയെ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു.

ബി ജെ പിയുടെ മൂന്ന് എം എല്‍ എമാര്‍ കൂടി ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം 24 ആയി. അതേസമയം, പാര്‍ട്ടിയുടെ അംഗബലം 27 ആണെന്ന് മുന്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗ് അവകാശപ്പെട്ടു. 2017ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 എം എല്‍ എമാരുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ബി ജെ പിക്ക് 21 എം എല്‍ എമാരാണുണ്ടായിരുന്നത്.

എന്നാല്‍, അന്നത്തെ ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി ജെ പിയെ ക്ഷണിക്കുകയായിരുന്നു. എല്ലാ കോണ്‍ഗ്രസിതര എം എല്‍ എമാരുടെയും പിന്തുണ നേടിയാണ് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസ് നേതാവ് ശ്യാംകുമാര്‍ കൂറുമാറി ബി ജെ പിയില്‍ ചേരുക മാത്രമല്ല കോണ്‍ഗ്രസിന്റെ ഏഴ് എം എല്‍ എമാര്‍ കൂടി ബി ജെ പി പക്ഷത്തേക്ക് മാറി. അതോടെ എന്‍ ഡി എക്ക് സഭയില്‍ 40 എം എല്‍ എമാരുടെ പിന്തുണയുണ്ടായി.

Latest