National
പത്ത്, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കണമെന്ന് സി ബി എസ് ഇയോട് സുപ്രീം കോടതി

ന്യൂഡൽഹി| പത്ത്, 12, ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കണമെന്നും ഇന്‌റേണൽ അസസ്‌മെന്‌റുകളുടെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്നും സി ബി എസ് ഇയോട് സുപ്രീം കോടതി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അടുത്ത ചൊവ്വാഴ്ചയോടെ നിർദേശങ്ങൾ അറിയിക്കണമെന്ന് സി ബി എസ് ഇ ബോർഡിനോട് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകർത്താവായ അമിത് ബത്‌ല നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. എന്നാൽ ജൂലൈ ഒന്നിനും 15നും ഇടയിൽ അവശേഷിക്കുന്ന പരീക്ഷകൾ നടത്താൻ സി ബി എസ് ഇ തീരുമാനിച്ചിരുന്നു.
ഇതിനകം നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഫലങ്ങൾ പ്രഖ്യാപിക്കാനും അവശേഷിക്കുന്ന വിഷയങ്ങളിൽ ഇന്റേണൽ അസസ്‌മെന്റിന്‌റെ അടിസ്ഥാനത്തിൽ ശരാശരി കണക്കാക്കാനും ആവശ്യപ്പെട്ടാണ് രക്ഷകർത്താക്കൾ സി ബി എസ് ഇക്ക് അപേക്ഷ സമർപ്പിച്ചത്. കൊറോണവൈറസ് കേസുകൾ വർധിക്കുന്നതിനിടയിൽ പരീക്ഷ നടത്തിയാലുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും ആശങ്കകളും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.