Connect with us

Kerala

താങ്ങാനാകാതെ ഇന്ധനവില; പൊതുഗതാഗതം തകർച്ചയിലേക്ക്

Published

|

Last Updated

കൊച്ചി | കൊവിഡിനെ തുടർന്നുള്ള കനത്ത പ്രതിസന്ധിക്കിടെ ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനത്തെ പൊതുഗതാഗതത്തെ സമ്പൂർണ തകർച്ചയിലേക്ക് നയിക്കും. നിലവിൽ, ഭാരിച്ച ചെലവുകൾക്കിടയിലും നിരത്തിലിറങ്ങുന്ന കെ എസ് ആർ ടി സിയെയും സ്വകാര്യ ബസ് മേഖലയെയും ഇനിയൊരു മടങ്ങിവരവില്ലാത്ത വിധം വലിയ നഷ്ടത്തിലേക്കാണ് അടിക്കടിയുള്ള വിലവർധന കൊണ്ടെത്തിക്കുന്നത്. കൊവിഡ് കാലത്തെ കനത്ത നഷ്ടത്തിനൊപ്പം കുതിച്ചുയരുന്ന ഡീസൽ വില കെ എസ് ആർ ടി സിക്ക് വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്.

ഇന്നലെ മുതൽ ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സിക്ക് നാലര രൂപയാണ് അധികം നൽകേണ്ടി വരുന്നത്. ഈ മാസം ഒന്നിന് ലിറ്ററിന് 63.5 രൂപ കൊടുത്ത സ്ഥാനത്താണ് 67.9 രൂപയായി ഇന്ധന വില വർധിച്ചത്.നിലവിൽ 90 ശതമാനത്തോളം നഷ്ടം സഹിച്ച് സർവീസ് നടത്തുന്ന കെ എസ് ആർ ടി സിക്ക് ഇത് വലിയ ക്ഷീണമാണുണ്ടാക്കുന്നത്.
ആളുകളെ സീറ്റിൽ മാത്രം ഇരുത്തി സർവീസ് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ തന്നെ വലിയ നഷ്ടം കെ എസ് ആർ ടി സിക്കുണ്ട്. നേരത്തേയുള്ള പ്രതിദിന വരുമാനം ആറ് കോടിയായിരുന്നത് ഇപ്പോൾ ഒരു കോടിയായി ചുരുങ്ങിയിട്ടുണ്ട്.

45 ശതമാനം ബസുകൾ സർവീസ് നടത്തിയിട്ടും അതിനനുസരിച്ച് വരുമാന നേട്ടമുണ്ടാക്കാൻ കെ എസ് ആർ ടി സി ക്കിപ്പോൾ കഴിയുന്നില്ല. ജീവനക്കാരുടെ വേതനവും ഇന്ധനം ഉൾപ്പെടെയുള്ള ഇതര ചെലവുകളും കണ്ടെത്തണമെങ്കിൽ കിലോമീറ്ററിന് ഇപ്പോൾ 60 രൂപയെങ്കിലും നിലവിൽ ലഭിക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ 35 രൂപ മാത്രമാണ് ലഭിക്കുന്നത്. യാത്രാനിരക്ക് കൂട്ടാതെ തന്നെ, നിലവിലുള്ള നഷ്ടം സഹിച്ച് ക്രമേണ ദീർഘദൂര സർവീസ് തുടങ്ങാനിരിക്കുന്ന കെ എസ് ആർ ടി സിക്ക് ഇന്ധന വില വർധവന വരുത്തിവെക്കുന്ന അധികനഷ്ടം താങ്ങാനാകില്ല.

അതേസമയം, ഇന്ധന വില വർധന ഇതേ നിലയിൽ തുടർന്നാൽ സ്വകാര്യ ബസുകൾ പൂർണമായും നിരത്തൊഴിഞ്ഞേക്കും. നിലവിൽ സ്വകാര്യ ബസ്‌ സർവീസ് നടത്താനായി 3.5 കിലോമീറ്ററിന് ഒരു ലിറ്റർ ഡീസലാണ് ശരാശരി വേണ്ടിവരിക. ദിവസേന ശരാശരി 70 ലിറ്റർ ഡീസൽ നിറക്കുന്ന സ്വകാര്യ ബസുകൾക്ക് ഇന്ധന വില വർധനയെ തുടർന്ന്, ഡീസലിന് മാത്രം അയ്യായിരത്തിലധികം രൂപ ചെലവിടേണ്ടി വരുമെന്നതാണ് സ്ഥിതി. ഇതിന് പുറമെ ജീവനക്കാരുടെ വേതനവും കണ്ടെത്തണം.
യാത്രക്കാർ കുറഞ്ഞ സാഹചര്യത്തിൽ കനത്ത നഷ്ടം സഹിച്ച് എങ്ങനെ സർവീസ് നടത്താനാകുമെന്നാണ് ബസ് ഉടമകൾ ചേദിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് മാസത്തോളം നിരത്തിലിറങ്ങാതിരുന്ന സ്വകാര്യ ബസുകളുടെ നികുതി സർക്കാർ ഒഴിവാക്കിയത് മൂലം പ്രതിദിനം 350 രൂപയുടെ ആശ്വാസം ബസുടമകൾക്ക് ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ 10 ദിവസത്തിനിടെ ഈ തുക എണ്ണക്കമ്പനികൾക്ക് നൽകേണ്ട സ്ഥിതി വന്നു. സംസ്ഥാനത്തെ വ്യവസായ, സേവന മേഖലകളിലെ തൊഴിൽ സേനയുടെ 31.3 ശതമാനത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നത് പൊതു ഗതാഗതമാണ്.പുതിയ സാഹചര്യത്തിൽ ഈ മേഖല സമ്പൂർണമായി തകർച്ച നേരിടുന്നതോടെ സംസ്ഥാനത്തെ പൊതു ജീവിതത്തെ തന്നെ വലിയ തോതിലായിരിക്കും ഇത് ബാധിക്കുക.

ഇന്ധന വില വർധന ചരക്ക് നീക്കത്തെയും സാരമായി ബാധിക്കും. പച്ചക്കറിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഇതോടെ കുത്തനെ ഉയരും.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest