Kerala
കേരളത്തിന് ലഭിക്കാനുള്ളത് 5,250 കോടി ജി എസ് ടി നഷ്ടപരിഹാരം നൽകാതെ കേന്ദ്രം

തിരുവനന്തപുരം | ജി എസ് ടി നഷ്ടപരിഹാരമുൾപ്പെടെ സംസ്ഥാന വിഹിതം തടഞ്ഞുവെച്ച കേന്ദ്ര നടപടിയെ തുടർന്ന് കേരളമുൾപ്പെടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുൻകരുതലുകളില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ സംസ്ഥാനങ്ങളുടെ നടുവൊടിച്ചപ്പോൾ സംസ്ഥാനങ്ങൾ ആശ്രയമായി കണ്ടിരുന്നത് ജി എസ് ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള കേന്ദ്ര വിഹിതമായിരുന്നു. എന്നാൽ, കുടിശ്ശികയുള്ള ജി എസ് ടി നഷ്ടപരിഹാരം പോലും നൽകാത്ത അവസ്ഥയാണ്.
സംസ്ഥാനങ്ങളുടെ സമ്മർദത്തെ തുടർന്ന് ജി എസ് ടി ഇനത്തിലുള്ള നഷ്ടപരിഹാരം നൽകാമെന്ന് വാഗ്‌ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് ഇതിൽ നിന്ന് കേന്ദ്രം പിന്നോട്ട് പോകുകയായിരുന്നു. കുടിശ്ശിക ഇനത്തിൽ കേരളത്തിന് മാത്രം ലഭിക്കാനുള്ളത് 5,250 കോടി രൂപയാണ്. നിലവിൽ മൂന്ന് മാസത്തെ ജി എസ് ടി നഷ്ടപരിഹാരമാണ് ലഭിക്കാനുളളത്.
370 കോടിയായിരുന്നു ഏപ്രിലിലെ കേരളത്തിന്റെ നികുതി വരുമാനം. മെയിൽ ഇത് 690 കോടിയായി വർധിച്ചു. വരുന്ന മാസങ്ങളിൽ നികുതി വരുമാനത്തിൽ മെച്ചമുണ്ടാകുമെങ്കിലും മുൻ വർഷത്തെ പോലെയാകാൻ കൂടുതൽ സമയമെടുക്കും. ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടുമാറ്റം കേരളത്തെ പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. കൊവിഡും ലോക്ക്ഡൗണും കാരണം ജി എസ് ടി സമാഹരണം താളം തെറ്റിയത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തത്കാലം കേന്ദ്ര സർക്കാർ നിർത്തിവെച്ചത്. 14 ശതമാനത്തിന് താഴെ നികുതി വരുമാന വളർച്ചയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് ജി എസ് ടി നടപ്പാക്കിയ സമയത്ത് വ്യവസ്ഥയുണ്ടാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ വ്യവസ്ഥ പാലിക്കാനാകില്ലെന്ന നിലപാടാണ് ധനമന്ത്രാലയം സ്വീകരിച്ചത്.
ജി എസ് ടി നഷ്ടപരിഹാരം നൽകാനാവശ്യമായ തുക കൗൺസിൽ കേന്ദ്ര സർക്കാർ ഗ്യാരന്റിയോടെ വായ്പ എടുത്ത് സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശം ജി എസ് ടി കൗൺസിലിൽ കേരളം മുന്നോട്ടു വെച്ചിരുന്നു. ഇതുപ്രകാരം അടുത്ത മാസം ചേരുന്ന ജി എസ് ടി കൗൺസിൽ യോഗം ഈ വിഷയം പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം. നിലവിൽ കേന്ദ്രത്തിന്റെ ജി എസ് ടി വരുമാനത്തിലെ കുറവാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ട വരുമാനം സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജി എസ് ടിയിലൂടെ നേടാൻ കേന്ദ്രത്തിന് കഴിയാതിരുന്നതും കൊവിഡ് പ്രതിസന്ധി വന്നതുമാണ് കേന്ദ്രത്തിന് തിരിച്ചടിയായത്.
വാറ്റ്, എക്‌സൈസ്, ഭൂനികുതി തുടങ്ങിയവ ഉൾപ്പെടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും ഇടിഞ്ഞിട്ടുണ്ടെന്നതിനാൽ കേന്ദ്രത്തിന്റെ അവസ്ഥ സംസ്ഥാനങ്ങൾ മനസ്സിലാക്കണമെന്നാണ് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. ജി എസ് ടി വരുമാനത്തിലൂടെ പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപ നേടണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ സമാഹരിച്ചത് ഇതിന്റെ 45 ശതമാനത്തോളം മാത്രമാണ്. കഴിഞ്ഞ വർഷം മെയിലെ നികുതി വരുമാനത്തെ അപേക്ഷിച്ച് 38 ശതമാനമാണ് വരുമാനം ഇടിഞ്ഞത്.
കഴിഞ്ഞ വർഷം സംസ്ഥാനങ്ങളുടെ ആകെ നികുതി വരുമാനത്തിലും 23 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ജി എസ് ടി വ്യവസ്ഥകൾ പ്രകാരം ഈ വരുമാന നഷ്ടം കേന്ദ്ര സർക്കാർ നികത്തണമെന്നാണ് നിബന്ധന. കേരളത്തിന് പത്ത് ശതമാനത്തോളം നികുതി വരുമാനം കുറഞ്ഞപ്പോൾ ചെലവ് 15 ശതമാനം വർധിച്ചിരുന്നു. ഏറ്റവും കൂടുതൽ വരുമാന നഷ്ടം കുറിച്ച സംസ്ഥാനം പുതുച്ചേരിയാണ്. 57 ശതമാനമാണ് പുതുച്ചേരിയുടെ വരുമാന നഷ്ടം.