Covid19
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം | കേരളത്തിലേക്ക് വരുന്ന പ്രാവസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വിവരം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്നവര്‍ക്കും ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്കുമെല്ലാം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
വിദേശ വിമാനത്താവളത്തിലെ ട്രൂ നെറ്റ് റാപ്പിഡ് പാരിശോധന നടത്തിയാല്‍ മതി. ഒരു മണിക്കൂര്‍കൊണ്ട് ഫലം അറിയുന്നതാണ് ഈ പരിശോധന. പരിശോധനകള്‍ക്ക് എംബസി സൗകര്യം ഒരുക്കണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം വിഷയത്തില്‍ ഇടപെടണം. ഈ ആവശ്യം വീണ്ടും ഉന്നയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ട്രു നെറ്റ് പരിശോധ ഫലം കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. നാല് പരിശോധനകള്‍വരെ ഒരു മണിക്കൂറിനുള്ളില്‍ നടത്താന്‍ കഴിയും. രോഗം ഉള്ളവരേയും ഇല്ലാത്തവരേയും ഒരു വിമാനത്തില്‍ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗമുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണം. ഇവര്‍ക്ക് വേണ്ട പരിചരണം സംസ്ഥാനം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ച് വരുന്നത് സമ്പര്‍ക്കത്തിന് കാരണമാകുന്നതായും കേരളത്തില്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് പറയുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തിന് ഇതിനകം വന്ന വിമാനങ്ങളില്‍ 75 ശതമാനവും കേരളത്തിലേക്കാണ്. ഇതില്‍ ഭൂരിഭാഗം വിമാനത്തില്‍ വന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായും സംസ്ഥാനം പറയുന്നു.