Connect with us

National

വെട്ടുകിളികൾ കൂട്ടത്തോടെ ഭോപ്പാലിലേക്ക് തിരിച്ചെത്തി

Published

|

Last Updated

ന്യൂഡൽഹി| മരുഭൂമി വെട്ടുകിളികൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ സെഹോർ ജില്ലയിൽ നിന്നാണ് ഒരു കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന വെട്ടുകിളികൾ ഭോപ്പാലിലേക്ക് പ്രവേശിച്ചത്. സെക്രട്ടറിയേറ്റിനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപവും നഗരത്തിലെ പല പ്രദേശങ്ങളിലും വെട്ടുകിളികൂട്ടത്തെ കണ്ടതായി സംസ്ഥാന കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ജൂൺ മാസത്തിൽ ആദ്യമായി കണ്ടതിനുശേഷം ഇപ്പോഴാണ് വീണ്ടും കാണുന്നത്.

ഭോപ്പാൽ-ഇൻഡോർ ഹൈവേയിൽ ആണ് ഇപ്പോൾ കിളികൾ സഞ്ചരിക്കുന്നതായി കണ്ടത്. തുടക്കത്തിൽ ബൈറഗാഹ് ഫ്രദേശത്ത് കാണുകയും പിന്നീട് ഐന്ത്‌ഖേഡി, മുഗാലിയ ചാപ്‌സ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി, സംസ്ഥാന സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയും ചെയ്തതായി സംസ്ഥാന കാർഷിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ് എൻ സോനാനിയ പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശങ്ങളിൽ കീടനാശിനികൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ ഫയർ ഫയർഫോഴ്സ് വെള്ളം തളിക്കുകയും പിന്നീട് ഇവ കൂട്ടത്തോടെ അടുത്തുള്ള
റൈസൻ ജില്ലയിലേക്ക് പോവുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടത്തോടെ പറക്കുന്ന വെട്ടുകിളികളുടെ ചിത്രങ്ങളും വീഡിയോകളും ഭോപ്പാൽ നിവാസികൾ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇതിനോടകം വെട്ടുകിളികൾ 35 ജില്ലയിലെ കൃഷിയിടങ്ങളിലെ പച്ചക്കറികളും പയറുകളും നശിപ്പിച്ചതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.