National
കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു; നാല് പേരുടെ നില ഗുരുതരം

ന്യൂഡല്‍ഹി |ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍
സൈനികര്‍ക്ക് പരുക്കേറ്റതായും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്. പരുക്ക് പറ്റിയവരുടെ കൃത്യമായ വിവരം കേന്ദ്രവും സൈന്യവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നാല് പേര്‍ക്ക് ഗുരുതര പരുക്കേറ്റതായി സൈന്യത്തെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതിര്‍ത്തിയില്‍ നിന്നും ഇവരെ വിദഗ്ദ ചികിത്സക്കായി ഡല്‍ഹിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ കാണാതായതായും ഇവര്‍ ചൈനീസ് കസ്റ്റഡിയില്‍പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
ചൈനീസ് സൈന്യം കസ്റ്റഡിയിലെടുത്ത ഏതാനും സൈനികരെ ഇന്നലെ രാത്രി വിട്ടയച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സൈനികര്‍ കാണാതായതാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നത്. കസ്റ്റഡിയിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ സൈനികനയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ പുരോഗമിക്കുകാണ്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം സൈന്യമോ, കേന്ദ്ര സര്‍ക്കാറോ ഇതുവരെ നല്‍കിയിട്ടില്ല.
പൊതുവെ തങ്ങളുടെ സൈന്യം സംബന്ധിച്ച വിവരങ്ങളെല്ലാം മറച്ചുവെക്കുന്നതാണ് ചൈനയുടെ രീതി. ഇതിനാല്‍ ഏത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ, പരുക്കേല്‍ക്കുകയോ ചെയ്തിരിക്കാമെന്നാണ് എ എന്‍ ഐ പറയുന്നത്. 20 ഓളം ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവര്‍ എല്ലാം ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതല്ലെന്നും പ്രതികൂല കാലാവസ്ഥയും സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായെന്നും സൈന്യം പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ടിലുണ്ട്.