Connect with us

National

പാക്കിസ്ഥാന്‍ പിടിച്ചു കൊണ്ടുപോയ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ക്രൂര മര്‍ദനത്തിനിരയായി; പ്രതിഷേധമറിയിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്ഥാനിലെ ഇസ് ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിടിച്ച് വച്ച പാക് നടപടിക്കെതിരെ ശക്തമായ പ്രസ്താവനയുമായി വീണ്ടും ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ആക്ടിംഗ് സ്ഥാനപതി ഹൈദര്‍ ഷായെ വീണ്ടും ഇന്ത്യ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു.

തിങ്കളാഴ്ചയാണ് പാക് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാക് ഏജന്‍സികള്‍ പിടിച്ചുകൊണ്ടുപോയി അനധികൃതമായി പത്ത് മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തുനിന്നുമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പുതിയ റിപ്പോട്ടുകള്‍ പറയുന്നു. ആറ് വാഹനങ്ങളിലെത്തിയ 16 അംഗ സംഘമാണ് ഇതിന് പിന്നില്‍. രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ക്രൂരമായ പീഡനത്തിനും ചോദ്യം ചെയ്യലിനും വിധേയരാക്കിയ പാക് അധികൃതര്‍ ഇവരെ കൈയേറ്റം ചെയ്‌തെന്നും, ഗുരുതരമായ പരുക്കുകളേല്‍പ്പിച്ചെന്നും ഇന്ത്യ വ്യക്തമാക്കുന്നു.ഇരുമ്പുകമ്പികളും തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.

ഇവരെ നിര്‍ബന്ധിച്ച് വീഡിയോക്ക് മുന്നില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി എഴുതിയ രേഖയില്‍ ഒപ്പുവയ്പിച്ചു. ഹൈക്കമ്മീഷന്റെ വാഹനം ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. അതേ സമയം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി ഓടിച്ച വാഹനം വഴിയാത്രക്കാരനെ ഇടിച്ചുവെന്നും നിര്‍ത്താതെ പോകവെ ഇവരെ ജനം പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥരോട് പാക് അധികൃതരും വിദേശകാര്യമന്ത്രാലയവും വളരെ മോശമായിട്ടാണ് പെരുമാറുന്നതെന്നും, ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.ഇനിയും ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയെന്ന് വ്യക്തമാക്കുന്ന വിദേശകാര്യമന്ത്രാലയം, ഇത്തരത്തില്‍ പാക് പ്രകോപനങ്ങളില്‍ വീഴില്ലെന്നും വ്യക്തമാക്കി