Connect with us

Covid19

ട്രംപ് വാഗ്ദാനം ചെയ്ത വെന്റിലേറ്ററുകളില്‍ 100 എണ്ണം ഇന്ത്യക്ക് കൈമാറി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കാനായി അമേരിക്ക പ്രഖ്യാപിച്ച 200 വെന്റിലേറ്ററുകളില്‍ 100 എണ്ണം ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ അടിയന്തര ആവശ്യം പരിഗണിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്ത വെന്റിലേറ്റുകളാണ് ഇപ്പോള്‍ ഇന്ത്യയിലെത്തിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

ഉന്നത സാങ്കേതിക വിദ്യയോടെ അമേരിക്കയില്‍ നിര്‍മിച്ചവയാണിവ. ഇവ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ഏറെ സഹായകമാകുമെന്നും പ്രസ്താവനയിലുണ്ട്. യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് വഴിയാണ് ഇന്ത്യക്ക് അമേരിക്ക 200 വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ആഗോള ആരോഗ്യ മേഖലയില്‍ വലിയൊരു ഭീഷണിയാണ് കൊവിഡെന്നും പരസ്പര പങ്കാളിത്തത്തോടെയും സഹകരണത്തോടെയും മാത്രമെ ഇവയെ തുരത്താനാകുവെന്ന് വെന്റിലേറ്റര്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്കായി 9.5 ദശലക്ഷം ഡോളറിന്റെ സംഭാവനയും യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റും അമേരിക്കയിലെ രോഗപ്രതിരോധ കേന്ദ്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനകളും രോഗനിരീക്ഷണങ്ങളും ശക്തമാക്കാനാണിത്. മെയ് 16ന് ട്വിറ്ററിലൂടെയാണ് ഇന്ത്യക്കായി വെന്റിലേറ്ററുകള്‍ ലഭ്യമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. കൊവിഡിനെതിരായ വാക്‌സിനുകള്‍ക്കായി ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ മാസം ആദ്യം പ്രധാമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും വെന്റിലേറ്ററുകള്‍ കൈമാറുന്ന കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു

Latest