Covid19
കൊവിഡ് ചികിത്സയില്‍ പുതിയ പ്രതീക്ഷ; തുച്ഛമായ വിലയുള്ള ഡെക്‌സാമെതസോണ്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ | കൊവിഡ് 19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായ മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡെക്‌സാമെതസോണ്‍ എന്ന മരുന്നാണ് കൊവിഡ് സുഖപ്പെടുത്താന്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന മരുന്നാണിത്. കുറഞ്ഞ ഡോസ് സ്റ്റിറോയിഡ് ആണ് ഈ മരുന്നിലൂടെ രോഗിയുടെ ശരീരത്തില്‍ എത്തിക്കുന്നത്.
വെന്റിലേറ്ററുകളില്‍ കഴിയുന്ന രോഗികളുടെ മരണ സാധ്യത മൂന്നിലൊന്നായും ഓക്‌സിജന്‍ നല്‍കേണ്ടി വരുന്ന രോഗികളുടെത് അഞ്ചിലൊന്നായും ഇതുവഴി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, ശ്വസന പ്രശ്‌നങ്ങളില്ലാത്ത രോഗികള്‍ക്ക് മരുന്നു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിലെ നിര്‍ണായക പ്രാധാന്യമുള്ള കണ്ടെത്തലാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.
എത്രയോ കാലമായി വിപണിയിലുള്ള വില കുറഞ്ഞ സ്റ്റിറോയ്ഡ് മരുന്നാ ണ് ഡെക്‌സാമെതസോണ്‍. മൈലാന്‍ എന്‍വി, മെര്‍ക്ക് ആന്‍ഡ് കമ്പനി എന്നിവയുള്‍പ്പെടെയുള്ള മരുന്നുത്പാദക കമ്പനികളാണ് ഇത് നിര്‍മിക്കുന്നത്. സന്ധിവാതം, ആസ്ത്മ, അലര്‍ജി രോഗങ്ങള്‍ക്കാണ് നിലവില്‍ ഈ മരുന്ന് ഉപയോഗിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പി ചെയ്താലുണ്ടാകുന്ന മനംപിരട്ടല്‍ സുഖപ്പെടുത്തുന്നതിനും ഈ മരുന്ന് സഹായിക്കും. ബ്രിട്ടനിലെ 175 ദേശീയ ആരോഗ്യ സേവന ആശുപത്രികളിലായുള്ള 11,500 രോഗികള്‍ക്ക് മരുന്ന് നല്‍കിയപ്പോള്‍ മികച്ച പ്രതികരണമുണ്ടായെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
കൊവിഡ് രോഗികളില്‍ പ്രതിരോധ ക്ഷമത മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുന്ന മരുന്ന് കണ്ടെത്താന്‍ നിരവധി പഠനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. ഇതിനിടെയാണ് പുതിയ കണ്ടെത്തല്‍.