Connect with us

Kerala

കനത്ത മഴക്കു സാധ്യത; ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴ പെയ്‌തേക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ശനിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലാണ് അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 16ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജൂണ്‍ 17ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജൂണ്‍ 20ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് അലര്‍ട്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിക്കരകളില്‍ താമസിക്കുന്നവരുംകടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും ജാഗ്രത പാലിക്കണം. മഴക്കൊപ്പം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. ഇതിനാല്‍ ജൂണ്‍ 16, 17 തീയതികളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ബുധനാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.7 മുതല്‍ 3.2 മീറ്റര്‍ വരെ തിരമാലകളുയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രവും അറിയിച്ചു.

Latest