National
പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത് കള്ളക്കേസ് ഉണ്ടാക്കി

ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തത് കള്ളക്കേസ് ചുമത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. ഇവര്‍ക്ക് എതിരെ എടുത്ത കേസിന്റെ എഫ് ഐ ആര്‍ രേഖ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തം. ഇന്നലെ 2.05നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ഒരു വഴിയാത്രക്കാരനെ ഇടിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ വാഹനം ഇടിച്ച വഴി യാത്രക്കാരന്റെ പേരോ, രോഗി അഡ്മിറ്റായ ആശുപത്രിയുടെ പേരോ, ദൃസാക്ഷിയുടെ പേരോ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട എഫ് ഐ ആറിലില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കള്ളനോട്ടുകള്‍ കൈവശംവെച്ചതായി എഴുതി ചേര്‍ത്തിട്ടുമുണ്ട്. ഇത് കാണിക്കുന്നത് സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായാണ്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കസ്റ്റഡിയില്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ കടുത്ത പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പാക് സമയം ഇന്നലെ രാവിലെ 8.30നാണ് എംബസി ഉദ്യോഗസ്ഥരെ പാക് സായുധസംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രണ്ട് പേരേയും അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ വടി ഉപയോഗിച്ച് പല തവണ അടിച്ചതായും ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈകമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റ് നയന്ത്രകാര്യങ്ങളും ചോദിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന്റെ വീഡിയോ ഇവര്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറുന്നു.
കസ്റ്റഡിയിലെടുത്ത രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെയും പാക്കിസ്ഥാന്‍ ഇന്നലെ രാത്രി തന്നെ വിട്ടയച്ചിരുന്നു. ഇവരെ പാകിസ്ഥാന്‍ പോലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറുകയായിരുന്നു. ഇസ്‌ലാമാബാദ് സെക്രട്ടറിയേറ്റ് പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് ഇരുവരേയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പാക് നയതന്ത്ര പ്രതിനിധി സയ്യിദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം തേടിയതിന് പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ തയ്യാറായി പാക്കിസ്ഥാന്‍ രംഗത്ത് വന്നത്. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സുരക്ഷാ ചുമതല പാക്കിസ്ഥാനാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.