Covid19
തിരുവനന്തപുരത്തുണ്ടായ മൂന്ന് കൊവിഡ് മരണത്തിന്റെയും ഉറവിടം കണ്ടെത്താനായില്ല

തിരുവന്തപുരം | രോഗത്തിന്റെ ഉറവിടം കണ്ടെത്താാനാകത്ത കൊവിഡ് കേസുകളും മരണങ്ങളും തിരുവന്തപുരത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനം ആശങ്കയില്‍. വെള്ളിയാഴ്ച മരിച്ച് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വഞ്ചിയൂര്‍ സ്വദേശി അടക്കം ഇതിനകം മൂന്ന് ഉറവിടം കണ്ടെത്താനാകാത്ത മരണങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ കാട്ടക്കടയില്‍ രോഗം സ്ഥിരകരിച്ച ആശ വര്‍ക്കറിന്റെ സമ്പര്‍ക്കവും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് ജാഗ്രത ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മരണപ്പെട്ടവരുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.
പോത്തകോട് സ്വദേശിയായ അബ്ദുല്‍ അസീസ്, വൈദികന്‍ കെ ജി വര്‍ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഞ്ചിയൂര്‍ സ്വദേശിയായ രമേശ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് നിരീക്ഷണത്തില്‍ പോകാനാണ് ആരോഗ്യവകുപ്പ് നിലവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഗുരുതര ശ്വാസകോശ രോഗവുമായി ഇദ്ദേഹം 23 മുതല്‍ 28 വരെ ചികിത്സയില്‍ കഴിഞ്ഞ ജനറല്‍ ആശുപത്രിയില്‍, ഈ സമയം എത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.