Connect with us

National

കൊവിഡ് വ്യാപനം തടയാന്‍ വീണ്ടും ലോക്ഡൗണ്‍ വേണമെന്ന് ജനങ്ങള്‍; ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ കര്‍ശനമായി തുടരണമെന്ന് ജനങ്ങള്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായാ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനത്തോളം ആളുകള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. പ്രമുഖ നഗരങ്ങളില്‍ ലോക്ഡൗണ്‍ പുനസ്ഥാപിക്കണോ എന്ന ചോദ്യത്തോട് ഭൂരിഭാഗം പേരും പ്രതികരിച്ചത് അതേ എന്നാണ്.

ഇന്ത്യയില്‍ കൊവിഡ് ഭീതി അതിസങ്കീര്‍ണമായി തുടരുന്ന ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, പൂനെ, സൂറത്ത്, ജയ്പൂര്‍, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. ഈ നഗരങ്ങളില്‍ എല്ലാം ലോക്ഡൗണ്‍ പുനസ്ഥാപിക്കണമെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്.

ദേശീയതലത്തില്‍ ലോക്ഡൗണ്‍ പുനസ്ഥാപിക്കണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 74 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 22 ശതമാനം പേര്‍ മാത്രമാണ് ലോക്ഡൗണ്‍ ഇനി ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടത്. നാല് ശതമാനം പേര്‍ അഭിപ്രായമില്ല എന്ന് രേഖപ്പെടുത്തി. രാജ്യത്തെ 221 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ 46,000 ആളുകളാണ് പങ്കെടുത്തത്.

ഡല്‍ഹിയിലും മുംബൈയിലും ലോക്ഡൗണ്‍ പുനസ്ഥാപിക്കില്ല എന്ന നിലപാടിലാണ് അതത് സംസ്ഥാന സര്‍ക്കാറുകള്‍. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ലോക്ഡൗണ്‍ പുനസ്ഥാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ തിങ്കളാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്.