Connect with us

National

ഓൺലൈനിൽ പ്രചരിക്കുന്ന സുശാന്തിന്റെ ചില ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് മുംബൈ പോലീസ്

Published

|

Last Updated

മുംബൈ | മരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ഓൺലൈനിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നും ഇവ നീക്കം ചെയ്യണമെന്നും മുംബൈ പോലീസിന്റെ ട്വീറ്റ്. മുംബൈയിലെ ഫ്‌ലാറ്റിൽ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്ത് മരിച്ചു കിടക്കുന്നതിന്റെയും മറ്റും ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതു വരെ പോസ്റ്റ് ചെയ്തവർ അവ ഡിലീറ്റ് ചെയ്യണമെന്നും ട്വീറ്റിൽ പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര സൈബർ സെൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും ഇവർ അറിയിച്ചു.

അഭിനേതാവും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മണ്ഡോദ്കറും ട്വിറ്ററിൽ ഇതിനെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തികച്ചും നിരുത്തരവാദിത്വപരമാണെന്നും, മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും ഊർമിള എഴുതി. കൂടെ #sushantsinghrajpoot, #sucide എന്നീ ഹാഷ്ടാഗുകളും പങ്കുവെച്ചു.