Gulf
പുതിയ പദ്ധതികളിൽ നിക്ഷേപിക്കുക, നിലവിലുള്ളവയിലല്ല: ശൈഖ് ഹംദാൻ

ദുബൈ | പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും അവയിൽ നിക്ഷേപം നടത്തുകയും വേണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷനായ, ഡിജിറ്റൽ സഹകരണത്തിനുള്ള റോഡ്മാപ്പ് സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഹംദാൻ.
ലോകത്തിന് മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കാനുള്ള യു എന്നിന്റെ ശ്രമങ്ങളെ ശൈഖ് ഹംദാൻ പ്രശംസിച്ചു. കൂടാതെ രാജ്യങ്ങളും സമൂഹങ്ങളും തമ്മിൽ സഹകരണ പാലങ്ങൾ പണിയാൻ ശ്രമിക്കുന്ന എല്ലാ അന്താരാഷ്ട്ര സംരംഭങ്ങളോടുമുള്ള യു എ ഇയുടെ പ്രതിബദ്ധത ശൈഖ് ഹംദാൻ ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
“റോഡ്മാപ്പ് ഫോർ ഡിജിറ്റൽ കോപ്പറേഷൻ” വെർച്വൽ പരിപാടിയിൽ സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് സിമോനെറ്റ സോമരുഗ, സിയറ ലിയോൺ ഭരണാധികാരി ജൂലിയസ് മാഡ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
സുസ്ഥിര വികസനം കൈവരിക്കുന്നതിനായി സഹകരണവും വിജ്ഞാന പങ്കിടലും വർധിപ്പിക്കുന്നതിന് യു എ ഇ പ്രതിജ്ഞാബദ്ധമാണെന്നും വിവിധ മേഖലകളിലെ അവസരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനായി ക്രിയാത്മക അന്തർദേശീയ സംഭാഷണം വർധിപ്പിക്കുമെന്നും ദുർബല സമൂഹങ്ങളിലും പ്രയാസങ്ങൾ നേരിടുന്നവരിലും കേന്ദ്രീകരിക്കുകയും ചെയ്യുമെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ യു എ ഇ സർക്കാർ അതിന്റെ വൈദഗ്ധ്യം പങ്കിടാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ മൂന്ന് മാസത്തിൽ, ചരിത്രത്തിൽ കേട്ടു കേൾവിപോലുമില്ലാത്ത ഒരു ഘട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഒരേസമയം വളരെയധികം വെല്ലുവിളികൾക്കും വിപുലമായ മാറ്റങ്ങൾക്കും നമ്മൾ സാക്ഷ്യംവഹിച്ചു. സംവിധാനങ്ങളും നയങ്ങളും സാങ്കേതികമാകാത്തതിന്റെ പ്രശ്‌നങ്ങൾ നാമെല്ലാം കണ്ടു. നല്ലതോ ചീത്തയോ ആകട്ടെ, വരാനിരിക്കുന്ന പ്രയാസങ്ങൾ തരണംചെയ്യേണ്ടതുണ്ട് -ശൈഖ് ഹംദാൻ പറഞ്ഞു.