Connect with us

International

ലണ്ടനിൽ പ്രതിഷേധത്തിനിടെ പരുക്കേറ്റ വെള്ളക്കാരനെ ചുമന്ന് കറുത്ത വർഗക്കാരൻ; വൈറലായി വീഡിയോ

Published

|

Last Updated

ലണ്ടൻ| ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ പരുക്കേറ്റ വെള്ളക്കാരനെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ച കറുത്ത വർഗക്കാരന്‌റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. എന്നാൽ ഒരു ദുരന്തം ഒഴിവാക്കാനാണ് താൻ ഇത് ചെയ്തതെന്നാണ് പാട്രിക് ഹച്ചിൻസൺ എന്ന കറുത്ത വർഗക്കാരൻ സി എൻ എന്നിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്‌റെ നിസ്വാർഥ സേവനത്തിന്‌റെ ചിത്രം ഇപ്പോൾ ലോകമെമ്പാടും വൈറലായിരിക്കുകയാണ്.

മധ്യ ലണ്ടനിലെ വാട്ടർലൂ ബ്രിഡ്ജിന് സമീപത്താണ് സമാധാനപരമായ രീതിയിൽ വംശീയ വിരുദ്ധ പ്രതിഷേധം നടന്നിരുന്നത്. താൻ പങ്കെടുത്ത ആദ്യ വംശീയ പ്രതിഷേധമാണിതെന്നും അന്തിമഘട്ടത്തിലാണ് തനിക്ക് ഇങ്ങനെയൊരു കാര്യം ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ വംശീയ വിരുദ്ധ പ്രകടനം നിമിഷങ്ങൾക്കുള്ളിലാണ് അക്രമാസക്തമായത്. ഇതിനിടെ പെട്ടെന്നാണ് പ്രതിഷേധക്കാരാൽ വളഞ്ഞ രീതിയിൽ ഒരാളെ താൻ ആദ്യം കാണുന്നത്. ആ നിമിഷം മറ്റൊന്നും ചിന്തിക്കാതെ അയാളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഹച്ചിൻസൺ പറഞ്ഞു.

കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ആരംഭിച്ച പ്രക്ഷോഭങ്ങൾക്കിടെയാണ് സംഭവം.
ലണ്ടനിൽ മാത്രം നൂറോളം പേരെയാണ് അക്രമാസക്തമായ ക്രമക്കേട്, നിയമപാലകർക്ക് നേരെയുള്ള ആക്രമണം, ആയുധങ്ങൾ കൈവശം വെക്കൽ, എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തത്. ലണ്ടൻ മെട്രാപൊളിറ്റൻ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആയിരത്തോളം പേരാണ് പോലീസിന്റെ വർഗീയ ക്രൂരതകൾക്കെതിരെ തെരുവിലിറങ്ങിയത്.

പ്രതിഷേധത്തിനിടെ, പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങൾ അക്രമപരമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു.

Latest