National
ഇന്ത്യ-നേപ്പാൾ ബന്ധം റൊട്ടി- ബേട്ടി പോലെ, ആർക്കും തകർക്കാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി| ഇന്ത്യ-നേപ്പാൾ ബന്ധം അസാധാരണമാണെന്നും ലോകത്തെ ഒരു ശക്തിക്കും ഇത് തകർക്കാൻ കഴിയില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം റൊട്ടി-ബേട്ടി പോലെയാണ്. ഇനി എന്തെങ്കിലം തെറ്റിദ്ധാരണയുണ്ടെങ്കിൽ തന്നെ ചർച്ചയിലൂടെ പരിഹരിക്കും. നേപ്പാളുമായി ഇന്ത്യക്ക് സാമൂഹികവും ഭൂമിശാസ്ത്രപരവും ചരിത്രപരവും ആത്മീയവുമായ ബന്ധങ്ങൾ ഉണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർക്കിടയിൽ യാതൊരുവിധ തിക്താനുഭവങ്ങളും ഉണ്ടാക്കാൻ കഴിയില്ലെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ ആഴത്തിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാൻ ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും സിംഗ് പറഞ്ഞു.
ഇന്ത്യൻ പ്രദേശത്തിന്‌റെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പുതിയ ഭൂപടം നേപ്പാൾ പുറത്തിറക്കിയതിനെ ചൊല്ലി അതിർത്തിയിൽ തർക്കം പുകയുകയാണ്. ഇന്ത്യ പുതുതായി നിർമിച്ച അതിർത്തി റോഡ് ഉൾപ്പെടുത്തിയാണ് നേപ്പാൾ ഭൂപടവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നേപ്പാൾ പാർലിമെന്റിന്‌റെ അധോസഭ ഈ ഇന്ത്യൻ പ്രദേശം ഉൾപ്പെടെയുള്ള പുതിയ ഭൂപടത്തിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ചരിത്രവസ്തുതകൾക്ക് നിരക്കാത്ത ഏകപക്ഷീയമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് ഇന്ത്യ ഇത് നിരസിച്ചു.
അതേസമയം, ലിപുലെഖിൽ ബോർഡർ റോഡ് ഓർഗനൈസേഷൻ നിർമിച്ച റോഡിന്‌റെ കൂടുതൽ ഭാഗവും ഇന്ത്യൻ പ്രദേശത്താണെന്നും ഇതെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും സിംഗ് വ്യക്തമാക്കി. ടിബറ്റൻ അതിർത്തിയിൽ ഉത്തരാഖണ്ഡിനെ ലിപുലെഖുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതിന് ശേഷം മെയിലാണ് നേപ്പാൾ പുതുക്കിയ ഭൂപടം പ്രസിദ്ധീകരിച്ചത്.