National
നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത; ആരോപണവുമായി കുടുംബം

പാറ്റ്‌ന | ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സംഭവത്തില്‍ പോലീസ് വിശദാന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ യോട് പറഞ്ഞു. അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് ആരോപിച്ചു. സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30 ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസിന്റെ പ്രാഥമിക കണ്ടെത്തലും ഇതുതന്നെയായിരുന്നു. കഴിഞ്ഞ ആറ് മാസമായി നടന്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ അസ്വാഭാവികത തോന്നിയില്ലെന്നും വീട്ടുജോലിക്കാര്‍ പറഞ്ഞിരുന്നു.