Connect with us

National

മഴ കനത്തു; മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളം കയറി

Published

|

Last Updated

മുംബൈ | കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ജല്‍ഗാവോന്‍ ജില്ലയിലെ കൊവിഡ് ആശുപത്രിയില്‍ വെള്ളം കയറി. ആശുപത്രിയുടെ താഴേ നിലയിലാണ് വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് ഇവിടുത്തെ രോഗികളെ അര്‍ധരാത്രിയോടെ മുകള്‍ നിലയിലേക്കു മാറ്റി. രോഗികളിലും കൂട്ടിരിപ്പുകാരായ ഇവരുടെ ബന്ധുക്കളിലും നിരവധി പേര്‍ 50 വയസ്സ് പിന്നിട്ടവരാണെന്ന് ഗോദാവരി മെഡിക്കല്‍ കോളജിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 12 രോഗികളാണ് താഴേ നിലയിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്ക് പറ്റിയെത്തുന്നവരെ പ്രവേശിപ്പിക്കുന്ന അടിയന്തര ചികിത്സാ വിഭാഗവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട മഴയില്‍ ആശുപത്രിയുടെ താഴേ നിലയിലേക്ക് മുട്ടറ്റം വെള്ളം കയറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രോഗികളെ മുകള്‍ നിലയിലാക്കിയെങ്കിലും ചില ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളും താഴേ നിലയില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

സ്ഥിതി ഭീകരമാണെന്ന് ബി ജെ പി നേതാവും ജല്‍ഗാവോന്‍ ജില്ലാ മുന്‍ ഗാര്‍ഡിയന്‍ മിനിസ്റ്ററുമായ ഗിരിഷ് മഹാജന്‍ പറഞ്ഞു. ഭരണ സംവിധാനം ആകെ തകര്‍ന്നിരിക്കുകയാണ്. മുന്നില്‍ നിന്ന് നയിക്കാന്‍ ആരുമില്ല. കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നില്ല. മാത്രമല്ല, ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് ചെറിയ ഉത്കണ്ഠ പോലും ഉണ്ടാകുന്നില്ല- ഗിരിഷ് ആരോപിച്ചു. ആശുപത്രിക്കു സമീപം നടക്കുന്ന ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തിയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. റോഡ് ഉയര്‍ത്തിയതോടെ ആശുപത്രി കെട്ടിടം നില്‍ക്കുന്ന ഭാഗത്ത് ചരിവുണ്ടാകാന്‍ ഇടയായി. റോഡ് പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഗാര്‍ഡിയന്‍ മിനിസ്റ്റര്‍ ഗുലാബ്‌റാവു പാട്ടീല്‍ പ്രതികരിച്ചു.